പത്തനംതിട്ട സീതത്തോട് ജനവാസ മേഖലയില്‍ 6 മാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തി; വലയിട്ട് പിടിച്ച് വനംവകുപ്പ്, പരിക്കെന്ന് സംശയം - പുലിക്കുട്ടിയെ പിടികൂടി
പത്തനംതിട്ട: സീതത്തോട് കൊച്ചുകോയിക്കൽ ഭാഗത്തെ ജനവാസ മേഖലയിൽ നാട്ടുകാർ കണ്ടെത്തിയ ആറ് മാസത്തോളം പ്രായമുള്ള പുലിക്കുട്ടിയെ വനപാലകരെത്തി പിടികൂടി. നാട്ടുകാരെ കണ്ടിട്ടും പുലിക്കുട്ടി ആക്രമിക്കാനോ രക്ഷപ്പെടാനോ ശ്രമിച്ചില്ല. ഇവിടെയുള്ള വഴി മുറിച്ചു കടന്നു സമീപമുള്ള അരുവിയുടെ അരികിലേക്കും പുലിക്കുട്ടി എത്തിയിരുന്നു.
തുടർന്ന് ഒഴുക്കുള്ള അരുവി മുറിച്ചു കടക്കാൻ പുലിക്കുട്ടി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പുലിക്കുട്ടിയ്ക്ക് എന്തോ പരിക്ക് സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് മനസിലായി.
തുടർന്ന് നാട്ടുകാർ വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. വനപാലകർ ഉടൻ സ്ഥലത്തെത്തി വലയും കൂടും ഉപയോഗിച്ച് പുലിക്കുട്ടിയെ പിടികൂടി. വലയിൽ ആയപ്പോൾ മാത്രമാണ് പുലിക്കുട്ടി അക്രമവാസന കാണിച്ചത്.
പുലിക്കുട്ടിയെ പരിശോധിക്കാനായി കോന്നിയിൽ നിന്നും വെറ്ററിനറി ഡോക്‌ടർ സ്ഥലത്തെത്തി. പുലിക്കുട്ടിക്ക് എങ്ങനെയാണ് പരിക്കേറ്റത്, അവശതയിൽ ആകാനുള്ള കാരണം ഉൾപ്പെടെ പരിശോധിച്ച ശേഷമാകും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടർ നടപടികൾ സ്വീകരിക്കുക.
നേരത്തെ പത്തനംതിട്ട തുലാപ്പള്ളി വട്ടപ്പാറയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ മേഖലയില്‍ നീരിക്ഷണവും വനംവകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു.
More Read :പുലിയിറങ്ങിയ തുലാപ്പള്ളി വട്ടപ്പാറയില്‍ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്