ഇടുക്കിയിൽ പൂച്ചപ്പുലി ചത്ത നിലയിൽ ; വാഹനമിടിച്ചതാകാം എന്ന് പ്രാഥമിക നിഗമനം
ഇടുക്കി :ഇടുക്കിയിലെ ഏലപ്പാറ മലയോര ഹൈവേയിൽ പൂച്ചപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി.ഏലപ്പാറക്കടുത്ത് ഒന്നാം മൈലിൽ കട്ടപ്പന, കുട്ടിക്കാനം സംസ്ഥാന പാതയ്‌ക്ക് സമീപമാണ് പൂച്ചപ്പുലിയെ ചത്ത നിലയിൽ കണ്ടത്തിയത്. വാഹനം ഇടിച്ച് ചത്തതാകാം എന്നാണ് പ്രാഥമിക നിഗമനം.
ഇതുവഴി കടന്നുപോയ യാത്രികരാണ് പൂച്ചപ്പുലിയുടെ ജഡം കണ്ടത്തിയത്. ആദ്യം പുലിക്കുട്ടി ആണെന്നായിരുന്നു നാട്ടുകാർ കരുതിയത്. ഇത് ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തി.
തുടർന്ന്, സമീപ വാസികൾ വിവരം അയ്യപ്പൻ കോവിൽ ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. പ്രദേശവാസികളില്‍ ഒരാൾ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് പൂച്ചപ്പുലിയുടെ ചിത്രങ്ങൾ അയച്ചു. പുലിക്കുട്ടിയാണെന്നായിരുന്നു ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അധികൃതർ പറഞ്ഞത്. എന്നാൽ ഫോറസ്റ്റ് അധികൃതർ സ്ഥലത്ത് നേരിട്ടെത്തിയതോടെ ചത്തത് പൂച്ചപ്പുലിയാണ് എന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സമീപവാസികളുടെ വീട്ടിൽ പുലിയോട് സാദൃശ്യമുള്ള വന്യമൃഗം എത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചു എന്ന് പ്രദേശവാസികൾ പറഞ്ഞു. ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തിൽ പൂച്ചപ്പുലിയെ പോസ്റ്റുമോർട്ടം നടത്തി സംസ്‌കരിച്ചു. സ്ഥലത്ത് വന്യമൃഗത്തിന്‍റെ സാമീപ്യം ഉണ്ടെന്നും അതുകൊണ്ട് പരിശോധന ശക്തമാക്കണമെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
Also read :ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം; പ്രദേശത്ത് കൂട് സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്