പൂച്ചപ്പുലിയെ വാഹനം ഇടിച്ച നിലയില്‍; വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി - ഖജനാപ്പാറ
ഇടുക്കി: ഖജനാപ്പാറയിൽ പൂച്ചപ്പുലിയെ (Leopard cat) വാഹനം ഇടിച്ച നിലയിൽ കണ്ടെത്തി. ഖജനാപ്പാറയിൽ നിന്നും ബൈസൺവാലിയിലേക്കുള്ള റോഡരികിലാണ് പൂച്ചപ്പുലിയെ പരിക്കുകളോടെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ഏഴരയോടെ ആണ് സംഭവം.
ഖജനാപ്പാറയിലെ ഓട്ടോ ഡ്രൈവർമാരാണ് പൂച്ചപ്പുലിയെ കണ്ടത്. പുലിയുടെ കുഞ്ഞാണോ എന്ന ആശങ്ക ഖജനാപ്പാറ മേഖലയിൽ ഭീതി പടർത്തിയിരുന്നു. വാഹനം ഇടിച്ചതിനെ തുടർന്ന് നടുവിന് ഗുരുതരമായി പരിക്കേറ്റ് സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു പുലി.
വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് ബോഡിമെട്ട് സെക്ഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ചികിത്സ നൽകുന്നതിനായി പൂച്ചപ്പുലിയെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. ഒറ്റ നോട്ടത്തിൽ പുലിയുടെ കുഞ്ഞിനെ പോലെ തോന്നുന്ന പൂച്ചപ്പുലി, കാട്ടുപൂച്ച, പൂച്ച പാക്കാൻ എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. കോഴികളെ ഭക്ഷിക്കുന്നതിനായി ജനവാസ മേഖലയിൽ ഇവ സ്ഥിരമായി എത്താറുണ്ട് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അത്തരത്തിൽ ഇരപിടിക്കുന്നതിനായി എത്തിയപ്പോൾ വാഹനം ഇടിച്ചതാകാം എന്ന നിഗമനത്തിലാണ് വനം വകുപ്പ്.
Also Read:കല്ലാറിലെ മാലിന്യ പ്ലാന്‍റിൽ നിലയുറപ്പിച്ച് പടയപ്പ; കാടുകയറ്റാൻ നടപടിയുമായി വനംവകുപ്പ്