പുലി ഭീതിയില്‍ പാലപ്പിള്ളി; പശുക്കുട്ടിയെ ആക്രമിച്ച് കൊന്നു; ആശങ്ക പേറി ജനങ്ങള്‍ - latest news in kerala
തൃശൂര്‍: പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയെന്ന പരാതിയുമായി നാട്ടുകാര്‍. കുണ്ടായി സ്വദേശിനി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് തൊഴുത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പശുവിനെ കറക്കാനെത്തിയപ്പോഴാണ് വീട്ടുകാര്‍ തൊഴുത്തില്‍ പശുകുട്ടിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ പശുക്കുട്ടിയുടെ ദേഹത്ത് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകര്‍ പശുക്കുട്ടിയെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാഡിക്ക് സമീപമുള്ള തൊഴുത്തിലാണ് പുലിയെത്തിയത്. മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ടായതിനെ തുടര്‍ന്ന് തോട്ടം തൊഴിലാളികള്‍ ആശങ്കയിലാണ്.
രണ്ടാഴ്‌ച മുമ്പും സമാന സംഭവം: പാലപ്പിള്ളിയില്‍ രണ്ടാഴ്‌ച മുമ്പും സമാന സംഭവം ഉണ്ടായിരുന്നു. പഞ്ചായത്ത് അംഗം ഷീലയുടെ പശുക്കുട്ടിയും പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആദിവാസികളും തോട്ടം തൊഴിലാളികളും താമസിക്കുന്ന സ്ഥലമാണ് പാലപ്പിള്ളി കുണ്ടായി. ജനവാസ മേഖലയിലെത്തി ഭീതി പടര്‍ത്തുന്ന പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
also read:പുലിയിറങ്ങിയ തുലാപ്പള്ളി വട്ടപ്പാറയില്‍ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്