കേരളം

kerala

Landslide In Nedumkandam

ETV Bharat / videos

Landslide In Nedumkandam ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ, മുക്കാൽ ഏക്കർ കൃഷി ഭൂമി ഒലിച്ചു പോയി

By ETV Bharat Kerala Team

Published : Oct 24, 2023, 2:44 PM IST

Updated : Oct 24, 2023, 3:32 PM IST

ഇടുക്കി : നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ കൃഷി ഭൂമി ഒലിച്ചു പോയി (Landslide In Nedumkandam). പച്ചടി സ്വദേശി ചൊവ്വേലികുടിയിൽ വിനോദിന്‍റെ ഉടമസ്ഥതയിലുള്ള മുക്കാൽ ഏക്കറോളം കൃഷിയിടമാണ് നശിച്ചത്. ഇന്നലെ(23.10.2023) രാത്രിയിൽ പെയ്‌ത അതിശക്തമായ മഴയെ തുടർന്ന് പച്ചടി പത്തുവളവ് പാതയുടെ സമീപത്ത് നിന്നാണ് ഉരുൾപൊട്ടലുണ്ടായത്. പ്രകൃതി ദുരന്തത്തിൽ, നൂറോളം കുരുമുളക് ചെടികളും വാഴയും നശിച്ചു. മണ്ണ് ഒലിച്ചു പോയതിനെ തുടർന്ന് ഗ്രാമീണ പാതയും അപകടവസ്ഥയിലാണ്. മുൻ വർഷങ്ങളിൽ, സമീപ മേഖലകളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. മഹാ പ്രളയകാലത്ത് ഉണ്ടായ ഉരുൾ പൊട്ടലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടിരുന്നു. ഉരുൾ പൊട്ടൽ സാധ്യത കണക്കിലെടുത്ത് ഏതാനും കുടുംബങ്ങൾക്ക് പകരം ഭൂമി നൽകി ഇവിടെ നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. റവന്യൂ അധികൃതർ സ്ഥലത്ത് സന്ദർശനം നടത്തി. ആവശ്യമെങ്കിൽ സമീപവാസികളെ മാറ്റി പാർപ്പിയ്‌ക്കും.

ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നിർദ്ദേശം:ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടിയ മേഖലയിൽ നിന്നും ആളുകളെ മാറ്റുന്നു. 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുവാനാണ് ജില്ല കലക്ടറുടെ നിർദ്ദേശം. ഉടുമ്പൻചോല റവന്യൂ സംഘത്തിന്‍റെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്. മേഖലയിൽ ക്യാമ്പ് തുറക്കാനും നിർദ്ദേശമുണ്ട്. ബന്ധു വീടുകളിലേക്ക് മാറാത്ത വരെ ക്യാമ്പുകളിൽ എത്തിക്കും. ഉടുമ്പൻചോല താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ സോജൻ പുന്നൂസിന്‍റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

അതേസമയം, മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നു. ഇടിമിന്നലേറ്റ് നെടുങ്കണ്ടം തേർഡ് ക്യാമ്പിൽ അച്ഛനും മകനും പരുക്കേറ്റിട്ടുണ്ട്. വീടിനുള്ളിൽ ഇരിക്കുകയായിരുന്ന മൂലശേരിൽ സുനിലിനും മകൻ ശ്രീനാദിനുമാണ് മിന്നലേറ്റത്. ഇരുവരും തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് എഴുകുംവയലിൽ മിന്നലേറ്റ് ഒരാൾക്ക് പരുക്കേറ്റിരുന്നു. തമിഴ്‌നാട് അതിർത്തി മേഖലയോട് ചേർന്ന പ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. 

Last Updated : Oct 24, 2023, 3:32 PM IST

ABOUT THE AUTHOR

...view details