കേരളം

kerala

Rain Updates In Idukki: Landslide In Santhanpara

ETV Bharat / videos

കലിതുള്ളി പെരുമഴ, ശാന്തന്‍പാറയില്‍ മണ്ണിടിച്ചില്‍; ഒരാള്‍ മരിച്ചു - kerala news updates

By ETV Bharat Kerala Team

Published : Nov 6, 2023, 11:22 AM IST

ഇടുക്കി : കനത്ത മഴയെ തുടര്‍ന്ന് ശാന്തന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. ചേരിയാർ സ്വദേശി റോയിയാണ് (55) മരിച്ചത്. ഇന്നലെ (നവംബര്‍ 5) രാത്രി ഒന്‍പത്‌ മണിയോടെയാണ് സംഭവം. രാത്രിയില്‍ വീട്ടില്‍ ഉറങ്ങി കിടക്കുമ്പോഴാണ് അപകടമുണ്ടായത്. വീടിന് പിന്‍വശത്ത് മണ്ണിടിച്ചിലുണ്ടായി വാതിലില്‍ തകരുകയായിരുന്നു. ഇതോടെ വാതില്‍ റോയിയുടെ ദേഹത്തേക്ക് മറിഞ്ഞു വീണു. വീട്ടില്‍ റോയി തനിച്ചായിരുന്നു. ഇന്ന് (നവംബര്‍ 6) രാവിലെ മേഖലയില്‍ ജോലിക്കെത്തിയവരാണ് മണ്ണിടിച്ചിലില്‍പ്പെട്ട് വീട് തകര്‍ന്ന് കിടക്കുന്നത് കണ്ടത്. ജോലിക്കെത്തിയവരും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ശാന്തന്‍പാറ എന്നിവിടങ്ങളില്‍ വ്യാപക നാശനഷ്‌ടമാണുണ്ടായിട്ടുള്ളത്. ശാന്തന്‍പാറയ്‌ക്ക് പുറമെ പേതൊട്ടിയിലും കള്ളിപാറയിലും ഉരുള്‍പൊട്ടലുണ്ടായി. രണ്ട് വീടുകള്‍ ഭാഗികമായും പേതൊട്ടി ദളം റോഡ് പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ ദളം മേഖല ഒറ്റപ്പെട്ടു. തോട്ടം തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളും അടക്കം നിരവധി പേരാണ് മേഖലയില്‍ താമസിക്കുന്നത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. വിവിധ മേഖലയില്‍ മരം കടപുഴകി വീണ് നാശനഷ്‌ടങ്ങള്‍ ഉണ്ടായി. ചതുരംഗപാറയിൽ ഓടികൊണ്ടിരുന്നു കാറിന് മുകളിലേക്ക് മരവും മണ്ണും വീണു. വാഹനത്തിലെ യാത്രക്കാരെ ഉടൻ തന്നെ പൊലീസെത്തി പുറത്തെടുത്തു. മരം ഒടിഞ്ഞു വീണ് ബോഡിമെട്ട് അന്തർ സംസ്ഥാന പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ വിവിധ മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് ജില്ല ഭരണകൂടം. അപകട സാധ്യത മേഖലകളിൽ നിന്നും ജനങ്ങളോട് സുരക്ഷിതയിടങ്ങളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

Also read:തോരാതെ മഴ...; സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ABOUT THE AUTHOR

...view details