മാവൂർ പരുത്തിപ്പാറ മലമുകളിൽ കുറുന്തോട്ടി വിപ്ലവം; വിജയ വഴിയില്‍ 'ത്രിവേണി' വനിത കൂട്ടായ്‌മ
Published : Jan 7, 2024, 7:33 AM IST
കോഴിക്കോട് : മാവൂർ കൈത്തൂട്ടി മുക്കിലെ പരുത്തിപ്പാറ മലമുകളിൽ ആദ്യമായി കൃഷിയിറക്കുക എന്ന ലക്ഷ്യവുമായി മല കയറിയപ്പോൾ വെല്ലുവിളികൾ പലതുണ്ടായിരുന്നു ഏഴ് വനിതകൾ അടങ്ങിയ ത്രിവേണി കാർഷിക കൂട്ടായ്‌മയ്‌ക്ക്. എന്നാൽ എല്ലാ വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിട്ട് കൊണ്ട് വ്യത്യസ്‌തമായ കൃഷികൾ ഇറക്കിയപ്പോൾ പരുത്തിപ്പാറ മലയിൽ നിന്നും ഇവർക്ക് ലഭിച്ചത് മികച്ച വിളവ് (kurunthotti cultivation Kozhikode). സാധാരണ കൃഷികളിൽ നിന്നും വ്യത്യസ്‌തമായി കുറുന്തോട്ടി കൃഷിയാണ് മലമുകളിലെ തരിശുഭൂമിയിൽ ഏറെയും ചെയ്‌തത്. കുറുന്തോട്ടി കൃഷിയെ കുറിച്ച് യാതൊരു മുൻ പരിചയവും ഇവർക്ക് ഉണ്ടായിരുന്നില്ല. മാവൂരിലെ കൃഷി വകുപ്പിന്‍റെ പൂർണ പിന്തുണ കിട്ടിയതോടെ ആകെ അഞ്ച് ഏക്കർ ഉള്ള പരുത്തിപ്പാറ മലമുകളിലെ മൂന്നേക്കറിലും കുറുന്തോട്ടി വിപ്ലവം സൃഷ്‌ടിച്ചു. കൂടാതെ കപ്പയും പൂക്കൃഷിയും പച്ചക്കറികളും കിഴങ്ങുവർഗങ്ങളും എല്ലാം കുറുന്തോട്ടിക്കൊപ്പം വളർന്നു. നാലുമാസം മുമ്പാണ് മാവൂർ കൃഷിഭവന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹകരണത്തോടെ കുറുന്തോട്ടിയും മറ്റ് കൃഷികളും ഇറക്കിയത്. മറ്റ് കൃഷികൾക്കുള്ള പരിചരണം വേണ്ട എന്നതാണ് കുറുന്തോട്ടി കൃഷിയെ വ്യത്യസ്‌തമാക്കുന്നത്. നാല് മാസം മുമ്പ് നട്ട കുറുന്തോട്ടി ഇപ്പോൾ വിളവെടുപ്പിന് പാകമായിട്ടുണ്ട്. കുറുന്തോട്ടി കൃഷിയെ കുറിച്ച് കേട്ടറിഞ്ഞ് വിളവെടുപ്പിന് മുമ്പ് തന്നെ നിരവധി പേരാണ് ആവശ്യക്കാരായി എത്തുന്നത്. പരുത്തിപ്പാറ മലമുകളിലെ കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പിന് മാവൂർ ജനമൈത്രി പൊലീസും പിന്തുണയുമായെത്തി. മാവൂർ എസ്ഐ വി കെ ഹരിഹരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്‌തു. പരുത്തിപ്പാറ മലയിലെ ത്രിവേണി വനിത കർഷക കൂട്ടായ്‌മയുടെ കുറുന്തോട്ടി കൃഷി വലിയ വിജയമായതോടെ മാവൂരിൽ ഇനിയും കുറുന്തോട്ടി കൃഷി മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ഉദ്ദേശമുണ്ടെന്ന് കൃഷി ഓഫിസർ ഡോ. ദർശന ദിലീപ് അറിയിച്ചു.