'കുഞ്ഞെഴുത്തിന്‍റെ മധുരം' ; വിദ്യാര്‍ഥികളുടെ സര്‍ഗശേഷി പരിപോഷിപ്പിച്ച് ഒരധ്യാപകന്‍, നിരവധി റെക്കോര്‍ഡുകള്‍ പിന്നാലെ - ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്
Published : Nov 27, 2023, 3:13 PM IST
കോഴിക്കോട് :റെക്കോർഡുകളുടെ നിറവിലാണ് കോഴിക്കോട് കുന്ദമംഗലം എഇഒ കെജെ പോൾ (Kunnamangalam AEO KJ Paul records). നിരവധി നാഴികക്കല്ലുകളാണ് കെജെ പോള്‍ ഇക്കാലത്തിനിടെ പിന്നിട്ടിരിക്കുന്നത്. അറേബ്യൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്, ടൈം വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിങ്ങനെ നീളുന്നു അവ. കുഞ്ഞെഴുത്തിന്‍റെ മധുരം എന്ന പേരിൽ തന്‍റെ കീഴിലുള്ള 41 എൽപി, യുപി സ്‌കൂളുകളിലെ വിദ്യാർഥികളുടെ കയ്യെഴുത്ത് മാസിക ഇറക്കിയതിനാണ് കെജെ പോളിന് അംഗീകാരങ്ങള്‍ അത്രയും ലഭിച്ചത്. കൊവിഡ് കാലഘട്ടത്തിൽ വീടിന്‍റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയ കുട്ടികളുടെ സർഗശേഷിയും മാനസിക വികാസവും വളർത്തുക എന്നതായിരുന്നു ഈ അധ്യാപകന്‍ ലക്ഷ്യമിട്ടത്. ആദ്യഘട്ടത്തിൽ 3096 കൈ എഴുത്ത് മാസികകളാണ് കുട്ടികൾ എഴുതി തീർത്തത്. ഒരു ദിവസം സംഭവിക്കുന്ന എല്ലാ കാര്യങ്ങളും കുട്ടികളുടെ സർഗശേഷിക്ക് അനുസരിച്ച് മാസികകളിൽ എഴുത്തുകൾ ആയി രൂപപ്പെട്ടു. കുട്ടികളും മുതിർന്നവരും തമ്മിലുള്ള ബന്ധം ഏറെ ഊഷ്‌മളമാക്കുന്നതിന്, ഇരുകൂട്ടരും സംസാരിക്കുന്ന കാര്യങ്ങളും മാസികയിൽ രേഖപ്പെടുത്തി. മൊബൈലിൽ മാത്രം ഒതുങ്ങിയ കുട്ടികളെ എഴുത്തിന്‍റെ ലോകത്തേക്ക് അടുപ്പിക്കാൻ ഈ ആശയത്തിലൂടെ കെജെ പോളിന് കഴിഞ്ഞു. പുറത്തിറക്കിയ നുറുങ്ങെഴുത്തുകൾ ഓരോന്നും ഓരോ ക്ലാസിലെയും ലൈബ്രറികളിൽ സ്ഥാനം പിടിച്ചു. 30 വർഷത്തോളമായി അധ്യാപകവൃത്തി തുടരുന്ന കെജെ പോളിന് 2017ൽ സംസ്ഥാന അധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്. കൂടാതെ 2017 ഗ്ലോബൽ റോൾ മോഡൽ അവാർഡ്, 2018 ല്‍ ആചാര്യ അവാർഡ്, ഗൂഗിൾ സർട്ടിഫൈ ടീച്ചർ അവാർഡ് തുടങ്ങി വേറെയും നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. കോഴിക്കോട് ചാത്തമംഗലം വെള്ളലശ്ശേരി കോഴിപ്പാട്ട്, അധ്യാപിക കൂടിയായ ഭാര്യ സീനക്കും രണ്ട് ആൺകുട്ടികൾക്കുമൊപ്പമാണ് കെജെ പോൾ താമസിക്കുന്നത്. ഇനിയും പുതിയ ആശയങ്ങളിലൂടെ കുട്ടികളുടെ കഴിവ് വളർത്തിയെടുക്കുക എന്നതാണ് കെജെ പോൾ എന്ന മാതൃകാ അധ്യാപകന്‍റെ ആഗ്രഹം.