ASI attacked Petrol Pump employee| പെട്രോൾ പമ്പില്‍ പൊലീസുകാരന്‍റെ അതിക്രമം, ജീവനക്കാരനെ മർദ്ദിച്ച് ആശുപത്രിയിലാക്കി - latest news in idukki
ഇടുക്കി: കുമളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ എഎസ്ഐ മർദ്ദിച്ചതായി പരാതി. ചെളിമടയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എഎസ്ഐ മുരളിയാണ് മർദിച്ചത്. ഇന്നലെ (ജൂലൈ 25) വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പെട്രോള്‍ പമ്പില്‍ സ്‌കൂട്ടറിലെത്തിയ എഎസ്‌ഐ ഇന്ധനം നിറക്കാന്‍ ആവശ്യപ്പെട്ടു. പെട്രോള്‍ അടിക്കാന്‍ പെട്രോള്‍ ടാങ്കിന്‍റെ അടപ്പ് തുറക്കാന്‍ ആവശ്യപ്പെട്ടതാണ് മര്‍ദനത്തിന് കാരണമായത്. അടപ്പ് തുറക്കാന്‍ ആവശ്യപ്പെട്ട രഞ്ജിത് കുമാറിനോട് പമ്പ് ജീവനക്കാരാണ് തുറക്കേണ്ടതെന്ന് എഎസ്‌ഐ പറഞ്ഞു. ഇതു സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കമാണ് ഒടുക്കം മര്‍ദനത്തില്‍ കലാശിച്ചത്. മര്‍ദനത്തില്‍ കൈയ്‌ക്കും തലക്കും വാരിയെല്ലിനും പരിക്കേറ്റ രഞ്ജിത് കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ എഎസ്‌ഐയും രഞ്ജിത്തും സംസാരിക്കുന്നതും അതിനിടെ എഎസ്‌ഐ രഞ്ജിതിനെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരെത്തി ഇരുവരെയും പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.