ജി 20 ഉച്ചകോടിക്കായി കുമരകം ഒരുങ്ങുന്നു; മുന്നോടിയായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ - കുമരകം
കോട്ടയം: ജി-20 ഉച്ചകോടി സമ്മേളനത്തിന് കുമരകം ഒരുങ്ങുന്നു. മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കുമരകത്തെ കെടിഡിസി വാട്ടർ സ്കേപ്പിലാണ് സമ്മേളനം നടക്കുന്നത്. പരിസ്ഥിതി സൗഹൃദമായ അലങ്കാരങ്ങൾ ആണ് ഇവിടെ ഒരുങ്ങുന്നത്.
ജി-20 ഉച്ചകോടിയുടെ വേദിയായതിനാൽ കുമരകം നിവാസികൾക്കും നേട്ടം ഉണ്ടാകുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുൻപാണ് റോഡുകളും മറ്റു സൗകര്യങ്ങളും ഒരുങ്ങിയത്. ജി- 20 ഉച്ചകോടിക്ക് കുമരകത്തേക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എത്തും. കുമരകം പക്ഷി സങ്കേതത്തിലെ KTDC യുടെ വാട്ടർ സ്കേപ്പിലാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തിനായി പുതിയ ഓഡിറ്റോറിയം നിർമ്മിച്ചു. ഓഡിറ്റോറിയത്തിന്‍റെ അവസാന മിനുക്കു പണികൾ നടക്കുന്നു. സമ്മേളന വേദിയുടെ കവാടവും ഹോട്ടലിലെ പരിസരവും പരിസ്ഥിതി സൗഹൃദമായാണ് അലങ്കരിക്കുന്നത്. മുള കൊണ്ടാണ് കവാടം നിർമ്മിക്കുന്നത്.
ജി-20 ഉച്ചകോടിയുടെ വേദി ആയതിനാല്‍ കുമരകം നിവാസികള്‍ക്ക് നേട്ടം ഏറെ:റോഡുകളുടെ വികസനവും പാലങ്ങളുടെ അറ്റകുറ്റപ്പണിയുമെല്ലാം പെട്ടെന്ന് നടന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. 10 കോടി രൂപ ചെലവിൽ റോഡ് നവീകരിക്കും. റോഡരികിലെ കാടു വെട്ടൽ, സീബ്രാലൈൻ പുതുക്കി വരയ്ക്കൽ, പുതിയ ദിശാബോർഡുകൾ സ്ഥാപിക്കൽ, കുഴിയടയ്ക്കൽ എന്നിവയെല്ലാം വേഗത്തിൽ പുരോഗമിക്കുകയാണ്.
തണ്ണീർമുക്കം ബണ്ട് മുതൽ ഇല്ലിക്കൽ വരെയാണു നവീകരണം. സമ്മേളനകാലത്ത് വൈദ്യുതി മുടങ്ങാതിരിക്കാൻ കെഎസ്ഇബിയും മുന്നൊരുക്കങ്ങൾ തുടങ്ങി. അതിഥികൾക്ക് കായലിലൂടെ സഞ്ചരിക്കുന്നതിന് പാത തെളിക്കും. നിലവിൽ പോള മൂടിയ തോടുകളിൽ നിന്ന് അവ നീക്കം ചെയ്‌ത് ആഴം കൂട്ടും.
റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപണികൾ നടത്തണമെന്നത് നാട്ടുകാരുടെ നിരന്തരമായ ആവശ്യമായിരുന്നു. ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിയിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കുമരകത്തിന്‍റെ പ്രധാന പ്രശ്‌നം തന്നെയായിരുന്നു. ജി20 ഉദ്യോഗസ്ഥ സമ്മേളനം വന്നത്കൊണ്ട് നാട്ടിലെ സൗകര്യങ്ങൾ വർധിച്ചത് കുമരകംകാരെ ഏറെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. ഇലക്‌ട്രിക് പോസ്റ്റുകൾ മാറ്റുകയും മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കുകയും ചെയ്‌തു. പാലങ്ങൾ നന്നാക്കി അങ്ങനെ ഒട്ടനവധി കാര്യങ്ങള്‍ ഒറ്റയടിക്ക് നടപ്പായി കിട്ടിയതിൽ സന്തോഷിക്കുകയാണ് നാട്ടുകാർ.
രാജ്യാന്തര സമ്മേളനത്തിനായി കെടിഡിസിയിൽ പണിയുന്ന കൺവൻഷൻ സെന്‍ററിന്‍റെ നിർമാണം ഉടൻ പൂർത്തിയാകും. 10 കോടി രൂപ ചെലവിലാണ് നിർമാണം. 600 പേർക്ക് ഇരിക്കാം. കെടിഡിസി വാട്ടർ സ്കേപ് തോടും മോടി കൂട്ടുന്നുണ്ട്. ആഴം കൂട്ടി ഇരുവശവും കയർ പരവതാനി വിരിക്കും. പ്രത്യേക സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി ഈ റിസോർട്ടുകളിൽ 28 മുതൽ വിനോദ സഞ്ചാരികൾക്കു നിയന്ത്രണം ഉണ്ടാകും.