വിസ്‌മയക്കുടമാറ്റത്തില്‍ ആര്‍പ്പുവിളിച്ച് ജനസാഗരം ; ലോകകിരീടവുമായി 'മെസിയും', പൂരനഗരിയില്‍ വര്‍ണ മേളനത്തിന്‍റെ ദൃശ്യചാരുത
തൃശൂര്‍ :പൂരനഗരിയിലെത്തിയ പതിനായിരങ്ങളെ ആവേശത്തിമര്‍പ്പിലേക്ക് നയിച്ച്, വര്‍ണ വിസ്‌മയം തീര്‍ത്ത് കുടമാറ്റം. തെക്കേഗോപുര നടയില്‍ തിരുവമ്പാടിയും എതിര്‍വശത്തായി പാറമേക്കാവും അണിനിരന്ന കുടമാറ്റത്തില്‍ വാശിയേറിയ പ്രകടനത്തിനാണ് ജനസാഗരം സാക്ഷിയായത്. എല്ലാ കുടകളും ഒന്നിനൊന്ന് മികച്ചതായിരുന്നെങ്കിലും ലോകകിരീടമുയര്‍ത്തിയ അര്‍ജന്‍റീനന്‍ നായകൻ ലയണല്‍ മെസിയുടെ രൂപമാണ് ശ്രദ്ധേയമായത്. തിരുവമ്പാടി ദേവസ്വം ഈ രൂപമുയര്‍ത്തിയതോടെ വന്‍ ആവേശമാണ് തേക്കിന്‍കാട് മൈതാനത്ത് അലതല്ലിയത്.
പച്ചക്കുട തിരുവമ്പാടി ചൂടിയതോടെ ചുവപ്പ് കുട നിവർത്തി പാറമേക്കാവിന്‍റെ മറുപടി. പിന്നാലെ കണിക്കൊന്നയുടെ മഞ്ഞക്കുടയുയർത്തി തിരുവമ്പാടി. പിന്നെയങ്ങ് വര്‍ണങ്ങളുടെ മത്സരത്തിനാണ് പൂരനഗരി വേദിയായത്. ആർപ്പുവിളിച്ചും കൈകൾ വീശിയും കാണികളും കുടമാറ്റം ഹൃദയത്തിലേറ്റി. ഇലഞ്ഞിത്തറ മേളത്തിന് ശേഷം വൈകിട്ട് അഞ്ചോടെയാണ് പാറമേക്കാവ് വിഭാഗവും തിരുവമ്പാടിയും തെക്കോട്ടിറങ്ങിയത്. തുടര്‍ന്ന് ഇരുവിഭാഗവും അഭിമുഖമായി നിലയുറപ്പിക്കുകയായിരുന്നു.
ചുവപ്പ് പട്ടുക്കുടയുയർത്തി പാറമേക്കാവ് രാജാവിനെ വണങ്ങാനുള്ള യാത്രക്കിടയിൽ കുടമാറ്റത്തിന്‍റെ സൂചനയിട്ടു. ചുവപ്പും പച്ചയും മഞ്ഞയും നിറങ്ങൾ മാറിമറഞ്ഞു. പിന്നീടങ്ങ് വിവിധ വർണങ്ങളിലുള്ള പട്ടുക്കുടകൾ ഉയർത്തി ഇരുവിഭാഗവും കാണികളെ ആവേശത്തേരിലേറ്റി. 50 സെറ്റ് കുടകളാണ് ഇരുവിഭാഗങ്ങളും അണിനിരത്തിയത്. നീലക്കുടകള്‍ക്കൊപ്പം രൂപക്കുടകളും നിരന്നു. പിന്നാലെ സസ്‌പെന്‍സ് കുടകള്‍ പുറത്തുവന്നു.
കുടമാറ്റത്തിന്‍റെ അവസാന ഘട്ടത്തിലാണ് കൗതുകം വിടര്‍ത്തിയ സ്പെഷ്യല്‍ കുടകൾ ഉയർന്നത്. പിന്നാലെ എൽഇഡി കുടകളും നിവര്‍ന്നതോടെ ആവേശം വാനോളമായി. 15 വീതം ആനകളാണ് ഇരു ടീമുകളിലുമായി നിരന്നുനിന്നത്. ഗുരുവായൂര്‍ നന്ദന്‍ പാറമേക്കാവിന്‍റെ തിടമ്പേറ്റിയപ്പോള്‍ ചന്ദ്രശേഖരനാണ് തിരുവമ്പാടിയുടെ വിഗ്രഹമേറ്റിയത്.