എന്‍സിഇആര്‍ടി പാഠ്യപദ്ധതി പരിഷ്‌കരണം : കെഎസ്‌യുവിന്‍റെ ഏജീസ് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കിയും ഗ്രനേഡും, പ്രവർത്തകർക്ക് പരിക്ക്
തിരുവനന്തപുരം :എന്‍സിഇആര്‍ടി പാഠ്യപദ്ധതി പരിഷ്‌കാരങ്ങള്‍ക്കെതിരെ കെ എസ് യു നടത്തിയ ഏജീസ് ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
സെക്രട്ടറിയേറ്റിന് സമീപം വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. സംഘടിച്ച് എത്തി വീണ്ടും ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ചതോടെ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു.
ശേഷവും പിരിഞ്ഞുപോകാതിരുന്ന പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ റോഡ് ഉപരോധിച്ചു. പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കാന്‍ ശ്രമം തുടങ്ങിയതോടെ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. ബലം പ്രയോഗിച്ചാണ് അലോഷ്യസ് സേവ്യര്‍ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇതിനിടെ പലതവണ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തര്‍ക്കമുണ്ടായെങ്കിലും ലാത്തിച്ചാര്‍ജിലേക്ക് എത്താതെ അവസാനിച്ചിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് ബസിന്‍റെ മുന്നിലെ ഗ്ലാസ് പ്രതിഷേധക്കാര്‍ ഇടിച്ച് തകര്‍ത്തു. പ്രധാന നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
പന്ത്രണ്ടാം ക്ലാസിലെ ചരിത്ര പുസ്‌തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയാണ് സിലബസ് പരിഷ്‌കരിച്ചത്. പുതുക്കിയ പാഠ്യപദ്ധതിയില്‍, രാജാക്കന്മാരും ദിനവൃത്താന്തങ്ങളും എന്ന വിഷയവുമായി ബന്ധപ്പെട്ട അധ്യായങ്ങളും വിഷയങ്ങളുമാണ് എന്‍സിഇആര്‍ടി നീക്കം ചെയ്‌തത്. ഇത് കൂടാതെ സ്വാതന്ത്ര്യാനന്തര രാഷ്‌ട്രീയം എന്ന പാഠപുസ്‌തകത്തില്‍ നിന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം, ഒറ്റക്കക്ഷി രാഷ്‌ട്രീയ കാലഘട്ടം എന്നീ അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരായാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.