Oommen Chandy's Demise | ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്ത മനസ് ശൂന്യമാക്കിയെന്ന് കെ സുധാകരൻ എംപി - K Sudhakaran kannur
കണ്ണൂർ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് കെ സുധാകരന്‍. 1967 കെഎസ്‌യു കാലം മുതൽ ഉണ്ടായിരുന്ന ബന്ധമാണ് ഇല്ലാതായത് എന്നും വലിയ തണൽ നഷ്‌ടപ്പെട്ട പോലെയാണ് അനുഭവപ്പെടുന്നത് എന്നും കെ സുധാകരന്‍ പ്രതികരിച്ചു.
'ഏറെ നേതാക്കളെ കൊണ്ട് സമ്പന്നമായ പാർട്ടി ആണ് കോൺഗ്രസ്. എന്നാൽ ഉമ്മൻചാണ്ടിയെ പോലെ പ്രവർത്തകരെ നെഞ്ചേറ്റിയ മറ്റൊരു നേതാവ് ഉണ്ടാകില്ല. ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവ് ഇനി കോൺഗ്രസിൽ ഉണ്ടാകുമോ എന്ന കാര്യം എന്നെ ആശങ്കപ്പെടുത്തുന്നു. പ്രവർത്തകരുടെ വികാരം അറിഞ്ഞും വിചാരം അറിഞ്ഞും അവർക്ക് സംതൃപ്‌തി നൽകി വട വൃക്ഷം പോലെ തണലേകിയ മനുഷ്യനാണ് ഉമ്മൻ ചാണ്ടി.
ഒരു മുഖ്യമന്ത്രിയോടും ഉപമിക്കാൻ പറ്റാത്ത രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കേരളത്തിലെ ഒട്ടുമിക്ക വികസനത്തിലും അദ്ദേഹത്തിന്‍റെ കയ്യൊപ്പുണ്ട്. എല്ലാം മനസിൽ ജീവിക്കുന്ന ഓർമകൾ മാത്രമായി. ഇനി ഉമ്മൻ ചാണ്ടി ഇല്ല എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നാണ്. പാർട്ടിക്കകത്ത് എന്ത് പ്രശനം വരുമ്പോഴും മാർഗ നിർദേശം തരുന്ന രക്ഷിതാവിനെയാണ് നഷ്‌ടമായത്' -അദ്ദേഹം പറഞ്ഞു. വിതുമ്പലോടെയാണ് ഉമ്മൻ ചാണ്ടിയെ കെ സുധാകരൻ അനുസ്‌മരിച്ചത്.