പിടിയിലാകുമ്പോൾ 16000 രൂപയും ട്രോളി ബാഗും: റെയില്‍വേ പൊലീസിന്‍റെ തന്ത്രപരമായ നീക്കം
ചെന്നൈ: കോഴിക്കോട് വ്യവസായിയെ വെട്ടിക്കൊന്ന് ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ തള്ളിയ സംഭവത്തിലെ മുഖ്യ പ്രതികൾ പിടിയിലായത് ചെന്നൈയില്‍ നിന്ന് ജാർഖണ്ഡിലേക്കുള്ള ട്രെയിൻ കയറാനിരിക്കെ. ചെന്നൈ എഗ്‌മോർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജാർഖണ്ഡിലെ ടാറ്റനഗർ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ന്യൂ തിൻസുകിയ എക്‌സ്‌പ്രസില്‍ New Tinsukia Express കയറാനിരിക്കെയാണ് പ്രതികളായ പാലക്കാട്, വല്ലപ്പുഴ സ്വദേശി മുഹമ്മദ് സിബില്‍ (22), പാലക്കാട് ചളവറ സ്വദേശി ഫർഹാന (18) എന്നിവർ പിടിയിലായത്.
ഓപ്പോ മൊബൈല്‍ ഫോൺ, പതിനാറായിരം രൂപ, പാസ്‌പോർട്ട്, ലോക്ക് ചെയ്‌ത നിലയിലുള്ള ഒരു ട്രോളി ബാഗ് എന്നിവയാണ് പിടിയിലാകുമ്പോൾ ഇവരുടെ കൈവശം ഉണ്ടായിരുന്നതെന്ന് ചെന്നൈ റെയില്‍വേ പൊലീസ് അറിയിച്ചു. തിരൂർ എസ്‌സ് കെ പ്രമോദ് അറിയിച്ചതിനെ തുടർന്നാണ് പ്രതികളെ ചെന്നൈ എഗ്‌മോർ റെയില്‍വേ പൊലീസ് പിടികൂടിയത്.
തന്ത്രപരമായ നീക്കം: കൊലപാതക കേസില്‍ അറസ്റ്റ് ചെയ്യുകയാണെന്ന രീതിയിലല്ല ചെന്നൈ എഗ്‌മോർ റെയില്‍വേ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മകളെ കാണാനില്ലെന്ന് കാട്ടി ഫർഹാനയുടെ രക്ഷിതാക്കൾ പരാതി കൊടുത്തിട്ടുണ്ടെന്നും രണ്ടു പേരും വീട് വിട്ടിറങ്ങി ഒളിച്ചോടാൻ ശ്രമിക്കുകയാണെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് എഗ്‌മോർ റെയില്‍വേ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. അതിനുശേഷം ആർപിഎഫിന്‍റെ വിശ്രമ മുറിയിലേക്ക് മാറ്റിയ ശേഷം കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.