സ്വാതന്ത്ര്യ സമര സുവർണ ജൂബിലി ഹാളിന്‍റെ പുനഃനാമകരണം; പ്രതീകാത്മക ഉദ്‌ഘാടനം നിര്‍വഹിച്ച് ബിജെപി - സുവർണ ജൂബിലി മെമ്മോറിയൽ
കോഴിക്കോട്:സ്വാതന്ത്ര്യ സമര സുവർണ ജൂബിലി ഹാളിന്‍റെ പ്രതീകാത്മക ഉദ്‌ഘാടനം നിര്‍വഹിച്ച് ബിജെപി. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ മഹാരഥന്മാരുടെ ഓർമകൾക്കായി സ്വാതന്ത്ര്യത്തിന്‍റെ അമ്പതാം വർഷത്തിൽ നിർമിക്കപ്പെട്ട സ്വാതന്ത്ര്യ സുവർണ ജൂബിലി മെമ്മോറിയൽ ഹാളിന്‍റെ പേരുമാറ്റുന്നത് സംബന്ധിച്ച് പ്രതിഷേധം ഉയർന്നിട്ടും ധിക്കാരപരമായി ഉദ്ഘാടന പരിപാടിയുമായി കോർപറേഷൻ മുന്നോട്ടുപോകുന്നതിനെതിരെയാണ് ബിജെപി പ്രതീകാത്മക ഉദ്‌ഘാടനം നിര്‍വഹിച്ചത്. നവീകരിച്ച കെട്ടിടത്തിന് 'സ്വാതന്ത്ര്യ സമര സുവർണ ജൂബിലി ഹാൾ' എന്ന അതേ പേരിൽ നാമകരണം ചെയ്‌താണ് ബിജെപി ജില്ല പ്രസിഡന്‍റ് അഡ്വ.വി.കെ സജീവൻ പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്‌തത്.
തളി കണ്ടംകുളത്തുണ്ടായിരുന്ന സ്വാതന്ത്ര്യദിന സുവർണ ജൂബിലി മെമ്മോറിയൽ ഹാളിന് കോർപറേഷൻ തന്നെ സ്ഥാപിച്ച മുമ്പുളള ബോർഡിലുണ്ടായിരുന്ന സ്വാതന്ത്ര്യദിന സുവർണ ജൂബിലി മെമ്മോറിയൽ എന്നുളളത് നവീകരിച്ചു കഴിഞ്ഞപ്പോൾ മുഹമ്മദ് അബ്‌ദുൾ റഹിമാൻ മെമ്മോറിയൽ എന്ന് എങ്ങിനെയാകുമെന്നാണ് ബിജെപി ഉയര്‍ത്തുന്ന ചോദ്യം. പേരിനെ മതത്തോട് ചേര്‍ത്തി വിവാദം ഉണ്ടാക്കരുതെന്ന വിചിത്രവും അത്യന്തം അപകടകരവുമായ വാദമാണ് കോർപറേഷനും സിപിഎമ്മും ഉന്നയിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപി ജില്ല ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, നേതാക്കളായ അഡ്വ.കെ.വി സുധീർ, പ്രശോഭ് കോട്ടുളി, നവ്യ ഹരിദാസ്, രമ്യ മുരളി, ടി.റിനീഷ്, ജുബിൻ ബാലകൃഷ്‌ണൻ, സരിത പറയേരി, തിരുവണ്ണൂർ ബാലകൃഷ്ണൻ, എൻ.ശിവപ്രസാദ്, രമ്യ സന്തോഷ്, സി.എസ് സത്യഭാമ, സി.പി വിജയകൃഷ്‌ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.