കേരളം

kerala

കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര നിലച്ചു

ETV Bharat / videos

ജലപാതയില്‍ പോളയും പുല്ലും നിറഞ്ഞു; കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര നിലച്ചു - kottayam news updates

By

Published : May 1, 2023, 11:05 PM IST

കോട്ടയം:ജലപാതയില്‍ പോള ശല്യം രൂക്ഷമായതോടെ കോടിമത ആലപ്പുഴ ബോട്ട് സര്‍വീസ് നിലച്ചു. ആറ്റില്‍ പോളയും കടകല്‍ പുല്ലും വളര്‍ന്നതോടെ പ്രതിസന്ധിയിലായത് ജലഗതാഗത വകുപ്പിന്‍റെ ബോട്ട് സര്‍വീസുകളാണ്. വേമ്പനാട്ട് കായല്‍ വരെ ജലപാതയില്‍ പോളയും പുല്ലും നിറഞ്ഞ് കിടക്കുകയാണ്. 

പോളയും പുല്ലും നിറഞ്ഞതിനെ തുടര്‍ന്ന് ബോട്ടുകള്‍ക്ക് ജെട്ടിയിലെത്താനാകുന്നില്ല. ഇതോടെ കോടിമതയില്‍ നിന്നുള്ള സര്‍വീസ് നിലച്ചു. നിലവില്‍ കോട്ടയത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള കാഞ്ഞിരത്ത് നിന്നാണ് സര്‍വീസ് ആരംഭിക്കുന്നത്. റോഡ് മാര്‍ഗം അവിടെയെത്താന്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയാസമാണ്. 

ദിവസവും അഞ്ച് സര്‍വീസുകളാണ് കോടിമതയില്‍ നിന്ന് ആലപ്പുഴയിലേക്ക് ഉണ്ടായിരുന്നത്. ഈ സര്‍വീസുകളെല്ലാം നിലച്ചത് ദിവസവും ബോട്ടിനെ ആശ്രയിച്ച് യാത്ര ചെയ്‌തവര്‍ക്ക് വലിയ വെല്ലുവിളിയായി. ചങ്ങനാശ്ശേരി റോഡിന്‍റെ നിര്‍മാണം പുരോഗമിക്കുന്നത് ബോട്ട് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. 

ബണ്ട് തുറന്നെങ്കിലും ഒഴുകി പോകാതെ പോള:ആറ്റില്‍ പോള നിറഞ്ഞ് ബോട്ട് യാത്ര ബുദ്ധിമുട്ടായതോടെ യാത്രക്കാര്‍ നിരന്തരം ആവശ്യമുന്നയിച്ചതോടെ പോള നീക്കാന്‍ ചെയ്യാനായി തണ്ണീര്‍ മുക്കം ബണ്ട് തുറന്ന് വെള്ളം ഒഴുക്കി വിട്ടു. എന്നാല്‍ വെള്ളം ഒഴുകി പോയെങ്കിലും പോള ആറ്റില്‍ തന്നെ അടിയുകയായിരുന്നു. 

കിഴക്കന്‍ കാറ്റും പൊക്കുപാലവുമെല്ലാം പ്രശ്‌നമാണ്:കിഴക്കന്‍ ഭാഗത്ത് നിന്ന് എപ്പോഴും ശക്തമായ കാറ്റ് അടിക്കുന്നത് പോള കടലിലേക്ക് ഒഴുകി പോകുന്നതിനെ തടയുന്നു. പോളയും പുല്ലും പ്രശ്‌നമായതിനിടെയാണ് കൂനിന്മേല്‍ കുരുവെന്ന പോലെ പൊക്കുപാലത്തിന്‍റെ തകരാര്‍. ജലപാതയിലെ പൊക്കുപാലം തകരാറിലായതും സര്‍വീസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പൊക്കുപാലം തകരാറിലാകുന്നത് കൊണ്ട് ബോട്ട് സർവീസ് നിലക്കുന്നത് ഇത് ആദ്യമായല്ല. 

പോളയിലൂടെയുള്ള യാത്ര അപകടകരം:പോളയും പുല്ലും നിറഞ്ഞ ആറ്റിലൂടെയുള്ള യാത്ര ഏറെ അപകടകരമാണ്. പോളയിലെത്തിയാല്‍ ബോട്ട് മുന്നോട്ട് നീങ്ങാന്‍ പ്രയാസമാണ്. ഏറെ ബുദ്ധിമുട്ടി ബോട്ട് മുന്നോട്ട് കൊണ്ടുപോയാല്‍ അതിന്‍റെ എഞ്ചിന്‍ ചൂടാകും. തുടര്‍ന്ന് ബോട്ട് തകരാറിലാകുകയും ചെയ്യും. 

ഇത്തരത്തില്‍ പോളയിലൂടെ സാഹസിക യാത്ര നടത്തി പ്രയാസങ്ങള്‍ നേരിട്ടതോടെയാണ് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിയത്. മാത്രമല്ല പോളകളും പുല്ലും നിറഞ്ഞ ആറ്റിലൂടെ യാത്ര ചെയ്‌ത് മറുകരയെത്താന്‍ സമയം കൂടുതല്‍ ഏടുക്കേണ്ടതായും വരുന്നുണ്ട്. കോടിമതയില്‍ നിന്നുള്ള നിരവധി പേരാണ് ദിവസവും ബോട്ടിനെ ആശ്രയിക്കുന്നത്.  

സ്‌കൂള്‍ വിദ്യാര്‍ഥികളും ജോലിയ്‌ക്കായി വിവിധിയിടങ്ങളിലേക്ക് പോകുന്നവരും ഇക്കൂട്ടത്തില്‍ പെടും. കുറഞ്ഞ ചെലവില്‍  ലക്ഷ്യ സ്ഥാനത്തേക്ക് വേഗത്തില്‍ എത്താന്‍ കഴിയുമെന്നതാണ് ബോട്ട് യാത്രയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കാരണമായത്. കായല്‍ സൗന്ദര്യം ആവോളം ആസ്വദിക്കാനാവുമെന്നതാണ് ഈ യാത്രയുടെ മറ്റൊരു പ്രത്യേകത.  

വേനലവധിക്കാലം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികളും ഇത്തവണ ഏറെ നിരാശയോടെയാണ് മടങ്ങുന്നത്. അവധിക്കാലത്ത് ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സര്‍വീസാണ് കോടിമത ആലപ്പുഴ സര്‍വീസ്. പോളയും പൊക്കുപാലവും കാരണം ഇത്തവണ സര്‍വീസുകള്‍ അവതാളത്തിലായതോടെ മികച്ച വരുമാനം ലഭ്യക്കേണ്ട ദിവസങ്ങളാണ് നഷ്‌ടമാകുന്നത്.

ABOUT THE AUTHOR

...view details