Kottayam Rain | കോട്ടയത്ത് കനത്ത മഴ; പലയിടത്തും വെള്ളപ്പൊക്കം, ദുരിതത്തിലായി ജനങ്ങൾ - മലവെള്ളപ്പാച്ചിൽ
കോട്ടയം :കോട്ടയം മറ്റക്കര കിടങ്ങൂർ റോഡിൽ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കം ദുരിതത്തിലാക്കിയത് കിടങ്ങൂർ എൻഎസ്എസ് സ്‌കൂളിലെ വിദ്യാർഥികളെ. സ്‌കൂൾ വിട്ട് തിരിച്ച് വീട്ടിലേക്ക് പോകാനാകാതെയാണ് കുട്ടികൾ കുടുങ്ങിയത്. മറ്റക്കര പടിഞ്ഞാറേക്കടവിൽ പന്നകം തൊട്ടിലെ വെള്ളമാണ് റോഡിലേക്ക് കയറിയത്.
റോഡിൽ മുഴുവൻ വെള്ളം കെട്ടിയതോടെ കുട്ടികൾ വീട്ടിലേക്ക് പോകാനാകാതെ വലയുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ഇടപെട്ട് കുട്ടികളെ അടുത്തുള്ള ബന്ധു വീടുകളിലെത്തിച്ചു. മാതാപിതാക്കൾ അവിടെ എത്തി കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇന്നലെയാണ് (04.07.23) സംഭവം. അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്‌ച ജില്ലയിൽ സ്‌കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
തൊഴിലാളികളെ രക്ഷപ്പെടുത്തി : മുണ്ടക്കയം ചെന്നാപ്പാറ ടി ആർ & ടി എസ്റ്റേറ്റിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. 17 ഓളം തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മണിമലയാറിൻ്റെ കൈത്തോട്ടിലേയ്ക്ക് വെള്ളം എസ്റ്റേറ്റിലൂടെ കുതിച്ചെത്തുകയായിരുന്നു. ടാപ്പിങ്ങിനായി പോയ തൊഴിലാളികളാണ് മലവെള്ളപ്പാച്ചിലിൽ പെട്ടത്. തോടിന് കുറുകെ വടം കെട്ടിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.