Kottayam Rain | വെള്ളക്കെട്ടില്‍ ഒറ്റപ്പെട്ട് തുരുത്തേൽച്ചിറയിലെ 11 കുടുംബങ്ങള്‍ ; ചെറുവള്ളത്തിലും ചങ്ങാടത്തിലും ദുരിതയാത്ര - Rain Residential areas waterlogged thuruthelchira
കോട്ടയം :കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തെള്ളകം തുരുത്തേൽച്ചിറ പ്രദേശത്തെ 11 കുടുംബങ്ങൾ ഒറ്റപ്പെട്ടു. വീടുകളിലേക്കുള്ള വഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ വലിയ ദുരിതമാണ് പ്രദേശവാസികള്‍ നേരിടുന്നത്. നിലവില്‍, ഇവിടുത്തുകാര്‍ക്ക് പുറംലോകവുമായുള്ള ബന്ധം നഷ്‌ടപ്പെട്ടിരിക്കുകയാണ്.
ചെറുവഞ്ചികളും ചങ്ങാടവും ഉപയോഗിച്ചാണ് നിലവില്‍ കുടുംബങ്ങള്‍ പുറത്തുകടക്കുന്നത്. പ്രദേശത്തെ വീടുകളിൽ പ്രായമായവരും കുഞ്ഞുങ്ങളും ഉള്ളതിനാല്‍ ആശുപത്രിയിൽ പോകണമെങ്കിൽ പോലും വലിയ സാഹസികത നടത്തേണ്ട സാഹചര്യമാണുള്ളത്. ഏറ്റുമാനൂർ നഗരസഭയുടെ ഭാഗമായ പ്രദേശത്തെ, വഴി ഉയർത്തിയാൽ പ്രശ്‌നം തീരുമെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, ഈ ആവശ്യം നഗരസഭ പരിഗണിച്ചില്ലെന്നും പ്രശ്‌നത്തിന് നേരെ കണ്ണടയ്‌ക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കനത്ത മഴ - വാഗമൺ റോഡ് തകർന്നു :കനത്ത മഴയെ തുടര്‍ന്ന്,ഉദ്‌ഘാടനം ചെയ്‌ത് ഒരു മാസത്തിനുള്ളില്‍ ഈരാറ്റുപേട്ട - വാഗമൺ റോഡ് തകർന്നു. മഴയില്‍ റോഡിന്‍റെ പല ഭാഗങ്ങളിലായി കുഴികള്‍ രൂപപ്പെട്ടതാണ് തകരാന്‍ കാരണമായത്. ടൂറിസം കേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡാണ് കനത്ത മഴയിൽ തകർന്നത്. ഒരു മാസം മുൻപ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസാണ് റോഡ് ഉദ്‌ഘാടനം ചെയ്‌തത്. ഊരാളുങ്കൽ സൊസൈറ്റിക്ക് ആയിരുന്നു ഇതിന്‍റെ നിര്‍മാണ ചുമതല. റോഡ് നിര്‍മാണത്തിനായി ആദ്യ കരാര്‍ ഏറ്റെടുത്തവര്‍ പിന്മാറിയതോടെയാണ് കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത്.