ചങ്ങനാശേരിയിലെ ഐസ് പ്ലാന്‍റിനെതിരായ പ്രതിഷേധം ഫലം കണ്ടു; വ്യവസായ പാർക്കിലേക്ക് മാറ്റും - നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു
കോട്ടയം:ചങ്ങനാശേരി കുറിച്ചിയിലെ ഐസ് പ്ലാന്‍റിനെതിരായ നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു. പ്രദേശവാസികളുടെ നേതൃത്വത്തിൽ രണ്ടുദിവസമായി നടത്തിവന്ന രാപ്പകൽ സമരമാണ് വിജയിച്ചത്. കിൻഫ്രയുടെ മൂവാറ്റുപുഴയിലുള്ള വ്യവസായ പാർക്കിൽ അനുവദിച്ച സ്ഥലത്തേക്ക് ഐസ് പ്ലാന്‍റ് മാറ്റാനാണ് അധികൃതരുടെ തീരുമാനം.
കിണറുകൾ മലിനമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ നടത്തിയ രാപ്പകൽ സമരത്തെത്തുടർന്ന് കലക്‌ടര്‍ ഡോ. പികെ ജയശ്രീ അനുരഞ്ജന യോഗം വിളിച്ചു. ഇതേതുടര്‍ന്നാണ് തീരുമാനമായത്. ഏപ്രിൽ 22ന് വൈകിട്ട് ആറുമണിക്ക് മുൻപായി സ്ഥാപനത്തിലുള്ള അസംസ്‌കൃത വസ്‌തുക്കൾ, സംസ്‌കരിച്ച ഉത്‌പന്നങ്ങൾ തുടങ്ങിയവ സ്ഥാപനത്തിൽ നിന്നും മാറ്റും.
ഏപ്രിൽ 22ന് ആറുമണിക്കുശേഷം സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ കെഎസ്‌ഇബിയോട് വ്യവസായ വകുപ്പ് ആവശ്യപ്പെടും. മലിനീകരണം മൂലം പ്രശ്‌നബാധിതമായിട്ടുള്ള 15 വീടുകളിലേക്ക് കുടിവെള്ളം നൽകുന്നതിന് പരാതിക്കാർ പറയുന്ന സ്ഥലത്ത് പ്ലാന്‍റുടമ സ്വന്തം ചെലവിൽ കുഴൽകിണർ നിർമിച്ച് 15 വീടുകളിലും പൈപ്പ് കണക്ഷൻ ലഭ്യമാക്കണം.
മലിനപ്പെട്ട കിണറുകൾ പ്ലാന്‍റ് ഉടമ സ്വന്തം ചെലവിൽ ഏപ്രിൽ 30നകം വൃത്തിയാക്കി നൽകണം. കുഴൽക്കിണർ വഴി വെള്ളം വീടുകളിൽ എത്തുന്നതുവരെ പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്യണം എന്നിവയാണ് പ്രശ്‌നപരിഹാരത്തിനായി കൈക്കൊണ്ട തീരുമാനങ്ങൾ. യോഗത്തിൽ കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലൻ, സ്ഥിരം സമിതി അധ്യക്ഷരായ സുമ എബി, കെ പ്രീതാകുമാരി, പ്ലാന്‍റ് യൂണിറ്റുടമ, ജനകീയ സമരസമിതി അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.