നെല്ല് സംഭരണ തുക നല്‍കാതെ സര്‍ക്കാര്‍; കർഷകൻ നിരാഹാര സമരത്തില്‍ - Supplyco Paddy Procurement
Published : Dec 2, 2023, 4:50 PM IST
കോട്ടയം:സര്‍ക്കാര്‍ നെല്ല് സംഭരണ തുക നല്‍കാത്തതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം ആരംഭിച്ച് കർഷകൻ. കോട്ടയം ജില്ലയിലെ ആർപ്പൂക്കര പാഴോട്ടു മേക്കരി പാടശേഖര സമിതി കൺവീനർ സജി എം എബ്രഹാമാണ് സപ്ലൈകോയ്ക്ക് മുൻപിൽ സമരം തുടങ്ങിയത്. തന്‍റെ പാടശേഖരത്തിലെ കർഷകരില്‍ നിന്ന് സപ്ലൈകോ സംഭരിച്ച നെല്ലിന്‍റെ പണം കിട്ടാത്തതിനെത്തുടർന്നാണ് അവര്‍ക്കുവേണ്ടി പാടശേഖര സമിതി കൺവീനറായ സജി നിരാഹാരം സമരം ആരംഭിച്ചത്. കോട്ടയം സപ്ലൈകോ ഓഫീസിനു മുന്നിൽ ശനിയാഴ്‌ച രാവിലെ മുതലാണ് സമരം തുടങ്ങിയത്. നെല്ല് സംഭരിച്ച് 25 ദിവസം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നാണ് സജിയുടെ പരാതി. സജി ഉൾപ്പെടെ 100 ഓളം കർഷകർക്കാണ് നെല്ലിന്‍റെ സംഭരണ തുക ലഭിക്കാനുള്ളത്. നെല്ല് ഏറ്റെടുത്ത ഓയിൽ ഫാമിൽ അന്വേഷിച്ച കർഷകരോട് സപ്ലൈകോ പണം നൽകിയിട്ടില്ലെന്നാണ് അറിയാനായത്. ഇതിൽ പ്രതിഷേധിച്ചാണ് സപ്ലൈകോ ഓഫീസ് കവാടത്തിൽ സമരം ഇരിക്കുന്നതെന്നും സജി പറഞ്ഞു. സമരത്തിന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ നിരാഹാര സമരം തുടരുമെന്നും തനിക്കൊപ്പം മറ്റ് കർഷകരും സമര രംഗത്തിറങ്ങുമെന്നും സജി പറഞ്ഞു.