കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; വാഹനമോടിച്ചയാള്‍ക്ക് ഗുരുതര പരിക്ക് - car cought fire
കോട്ടയം:ചങ്ങനാശേരിക്ക് സമീപം വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി നശിച്ചു. യാത്രകഴിഞ്ഞ് വീടിന് സമീപമെത്തിയപ്പോൾ തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 9.30നാണ് സംഭവം. കാറിന്‍റെ ഉടമ ഓട്ടുകാട്ട് സാബുവിന് ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. വാകത്താനം പൊലീസ് സ്റ്റേഷനിൽ നിന്നും എസ്‌ഐ തോമസ് ജോസഫ്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് മുരളി തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാറിന് തീപിടിച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം ഇന്നലെ ആലപ്പുഴയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മാവേലിക്കര കണ്ടിയൂരില്‍ പുളിമൂട് വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന കൃഷ്‌ണ പ്രകാശാണ് (35) മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പുറത്തുപോയ ശേഷം വീട്ടിലെത്തിയ കൃഷ്‌ണ പ്രകാശ് കാര്‍ പോർച്ചിലേക്ക് കയറ്റുമ്പോൾ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. മാവേലിക്കര കണ്ടിയൂർ ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു ഇയാള്‍. മാവേലിക്കര പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വാഹനം കത്താനുള്ള കാരണം ഉൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം നടത്തും.
READ MORE |കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു ; അപകടം വാഹനം പോർച്ചിലേക്ക് കയറ്റുന്നതിനിടെ