കോട്ടയം അകലക്കുന്നത്ത് തെരുവുനായ ശല്യം രൂക്ഷം; ആക്രമണമേറ്റ ആട് ചത്തു - കോട്ടയം അകലക്കുന്നം
കോട്ടയം:അകലക്കുന്നം പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. പ്രദേശത്ത് നായ്ക്കൾ കടിച്ചതിനെ തുടര്‍ന്ന് ഒരു ആട് ചത്തു. മറ്റ് രണ്ട് ആടുകൾ ചികിത്സയിലാണ്. നായ്ക്കളുടെ വിലയെങ്കിലും മനുഷ്യർക്ക് നല്‍കണമെന്ന് പ്രദേശവാസികള്‍ പറയുന്നു.
മൂഴൂർ തൊണ്ടിക്കാക്കുഴിയിൽ ലിസിയുടെ മൂന്ന് ആടുകളെയാണ് നായ്ക്കൾ ആക്രമിച്ചത്. ഇവയെ ആദ്യം കോടിമാതയിലെ ജില്ല മൃഗാശുപത്രിയിലെത്തിച്ച് കുത്തിവയ്‌പ്പ് നടത്തിയിരുന്നു. 20,000 രൂപ വിലവരുന്ന ആടാണ് ചത്തത്. മറ്റ് രണ്ട് ആടുകളെയും കുഞ്ഞിനെയും അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചാണ് ഇപ്പോള്‍ കുത്തിവയ്‌പ്പ് നടത്തുന്നത്. ഇത് അഞ്ച് ദിവസം തുടരണമെന്നാണ് നിര്‍ദേശമെന്ന് ലിസി പറയുന്നു.
തൊഴിലുറപ്പിന് പോയാണ് ലിസി വീട്ടുകാര്യങ്ങൾ നോക്കുന്നത്. ഹൃദയസംബന്ധമായ രോഗമുള്ളത് കാരണം ഭർത്താവ് തൊഴില്‍ ചെയ്യുന്നില്ല. ആടുവളര്‍ത്തല്‍ വലിയ ആശ്വാസമാണ് കുടുംബത്തിന് നല്‍കിയിരുന്നത്. പഞ്ചായത്തിൽ തെരുവുനായ്ക്കളുടെ ശല്യം മൂലം ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. പലതവണ ഇവിടുത്തുകാര്‍ പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡില്‍ തെരുവുനായ്ക്കളുടെ ശല്യം നാൾക്കുനാൾ പെരുകുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.