Kottarakkara Hospital employee attack| കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് രോഗിയുടെ പരാക്രമം - Thrashed Again In Kottarakkara Hospital Employee
Published : Sep 8, 2023, 10:47 AM IST
കൊല്ലം (കൊട്ടാരക്കര): കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജീവനക്കാരനെതിരെ ആക്രമണം. സെക്യൂരിറ്റി ജീവനക്കാരനായ ജിജു കെ ബേബിയ്ക്കാണ് മർദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ ജിജു ആശുപത്രിയില്‍ ചികിത്സയിലാണ്. പനിയ്‌ക്ക് ചികിത്സയ്‌ക്കെത്തിയ കൊട്ടാരക്കര ഇരങ്ങൂർ സ്വദേശി സജു ഡാനിയേലാണ് ജിജുവിനെ മർദ്ദിച്ചത്. ചികിത്സയ്ക്ക് എത്തിയ സജു സ്‌ത്രീകളെ ശല്യം ചെയ്യുകയും, ചികിത്സയ്‌ക്കെത്തിയ വൃദ്ധനെ തള്ളിയിടുകയും ചെയ്‌തു. ഇത് കണ്ട സെക്യൂരിറ്റി ജീവനക്കാർ ഇയാളെ ആശുപത്രിയിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ പുറത്ത് പോകാതെ വീണ്ടും ബഹളം വെച്ച സജുവിനെ ആശുപത്രി സുരക്ഷ ഡ്യൂട്ടിയിലുള്ള പൊലീസെത്തി ആശുപത്രിക്ക് പുറത്താക്കി. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞ് തിരികെയെത്തിയ സജു ആശുപത്രിയ്ക്ക് പുറത്ത് നിന്ന സെക്യൂരിറ്റി ജീവനക്കാരനായ ജിജു കെ ബേബിയെ ആക്രമിക്കുകയായിരുന്നു. ഇത് മറ്റ് ജീവനക്കാരെത്തി ജിജുവിനെ ഇയാളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി സജു ഡാനിയേലിനെ കസ്റ്റഡിയിലെടുത്തു. സജുവിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജൻ ആയിരുന്ന വന്ദന ദാസ് എന്ന ആരോഗ്യപ്രവർത്തകയെ അക്രമി കുത്തിക്കൊലപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കിടെ സർജിക്കല്‍ കത്രിക ഉപയോഗിച്ചായിരുന്നു കൊലപാതകം. പ്രതി സന്ദീപിനെ പൊലീസ് പിടികൂടിയെങ്കിലും പൊലീസിന്‍റെ അനാസ്ഥയ്ക്ക് എതിരെ വലിയ വിമർശനമാണ് ഉയർന്നത്. സന്ദീപിനെ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് അക്രമം നടത്തിയത്.
also read: Dr Vandana Das Murder | ഡോ.വന്ദന ദാസിന്‍റെ കൊലപാതകം; പണം ജീവന് പകരമാകില്ലെന്ന് ഹൈക്കോടതി