പ്രതീക്ഷയുടെ ഉയിർപ്പുതിരുനാൾ; ദൃശ്യാവിഷ്‌കാരമൊരുക്കി കൊല്ലം തുയ്യം സെൻ്റ് സെബാസ്റ്റ്യൻ ദേവാലയം
കൊല്ലം : യേശു ദേവന്‍റെ പുനരുഥാന ഓർമ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ലോകത്തിന്‍റെ പാപങ്ങൾ സ്വന്തം ചുമലിൽ ഏറ്റുവാങ്ങി തിന്മയെ തോൽപ്പിച്ച യേശുദേവന്‍ ഉയിർത്തെഴുന്നേറ്റ ദിവസത്തിന്‍റെ ഓർമ പുതുക്കലാണ് ഓരോ ഈസ്റ്ററും. കൊല്ലം തുയ്യം സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഒരുക്കിയ യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിന്‍റെ ദൃശ്യാവിഷ്‌കാരം വിശ്വാസികൾക്ക് കൗതുകം നിറഞ്ഞതായിരുന്നു.
കുരിശിലേറ്റപ്പെട്ട യേശു ക്രിസ്‌തു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ രാത്രിയാണ് പുനരാവിഷ്‌കരിച്ചത്. ഇടവകയിലെ ചെറുപ്പക്കാരുടെ കരവിരുതിലാണ് യേശു ദേവന്‍റെ ഉയിർത്തെഴുന്നേൽപ്പ് പള്ളിയിൽ ദൃശ്യാവിഷ്‌കാരത്തിലൂടെ അവതരിപ്പിച്ചത്. യേശുദേവൻ്റെ ഉയിർത്തെഴുന്നേൽപ്പ് സമയമടുത്തപ്പോൾ പള്ളിയിൽ എങ്ങും നിശബ്‌ദത പരന്നു.
പള്ളിയിലെ പ്രകാശനാളങ്ങൾ അണഞ്ഞു. കൂരിരുട്ടിൽ ചിതറിത്തെളിച്ച് ഇടി മിന്നൽ. അതേ നിമിഷം തന്നെ കരിങ്കല്ലുകൾ തെന്നിമാറി യേശുദേവൻ ഉയിർത്തെഴുന്നേറ്റ് വിശ്വാസികൾക്ക് മുന്നിൽ പ്രത്യക്ഷനായി. പിന്നീട് പ്രാർഥനയുടെ നിമിഷങ്ങൾ. വിശ്വാസികൾക്ക് അത് കൗതുകത്തിൻ്റെയും വിശ്വാസത്തിന്‍റെ പുതിയ വാതിൽ തുറന്നു കൊടുക്കുകയായിരുന്നു.
51 ദിവസത്തെ നോമ്പാചരണത്തിൻ്റെ വിശുദ്ധിയോടെ ദേവാലയങ്ങളിൽ നിന്നും ശുശ്രൂഷകൾ, ദിവ്യബലി, കുര്‍ബാന, തിരുകര്‍മ്മങ്ങള്‍ എന്നിവ നടത്തി. ഇടവക വികാരി ഫാദർ ബിനു തോമസ് തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.
Also read:പ്രതീക്ഷയുടെ ഉയിർത്തെഴുന്നേൽപ്പ് : പ്രത്യാശയുടെയും സഹനത്തിന്‍റെയും സന്ദേശവുമായി വീണ്ടുമൊരു ഈസ്റ്റർ