ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ്
Published : Nov 27, 2023, 10:37 PM IST
|Updated : Nov 27, 2023, 10:49 PM IST
തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ 6 വയസുകാരിക്കായി പൊലീസ് സംസ്ഥാന വ്യാപക തെരച്ചിൽ ആരംഭിച്ചു (Police Started Statewide Checking Followed By Abduction Of Girl In Kollam). സംസ്ഥാനത്തെ 14 ജില്ലകളിലെയും പൊലീസ് സ്റ്റേഷനുകളിലേക്ക് കുട്ടിയുടെ വിവരങ്ങൾ കൈമാറി. തിരുവനന്തപുരം ജില്ലയിലെ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്‍റ്, ദേശീയ-സംസ്ഥാന പാതകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന ഊർജിതമാണ്. ദേശീയ പാതകളിൽ ഉൾപ്പെടെ വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് പൊലീസിന്‍റെ പരിശോധന തുടരുന്നത്. സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിലും വാഹന പരിശോധന കർശനമാക്കി. കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് തെരച്ചിൽ. രാത്രി കാല പട്രോളിങിനായി എല്ലാവരും എത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം. ലോ ആൻഡ് ഓർഡർ എഡിജിപി എംആർ അജിത്കുമാര്‍ തിരച്ചിൽ സംസ്ഥാന വ്യാപകമാക്കാൻ നിർദേശം നൽകിയതായി പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ കുട്ടിയുടെ വീട് സന്ദർശിച്ച ശേഷം പ്രതികരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാർ തിരുവനന്തപുരം രജിസ്ട്രേഷനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓയൂർ സ്വദേശി റെജിയുടെ ആറുവയസുള്ള മകൾ അഭികേൽ സാറ റെജിയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷന് പോയ കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് പരാതി. ഓയൂര്‍ കാറ്റാടി മുക്കില്‍ വച്ചായിരുന്നു സംഭവം. വെള്ള നിറത്തിലുള്ള ഹോണ്ട അമേസ് കാറിലാണ് തട്ടിക്കൊണ്ടുപോയതെന്ന് കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ പറഞ്ഞു. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഒരു പേപ്പർ തന്ന് അമ്മയ്ക്ക് കൊടുക്കുമോ എന്ന് കാറിലുള്ളവർ ചോദിച്ചതായും സഹോദരൻ പറഞ്ഞു. പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴച്ചാണ് കയറ്റിയത്. തടുക്കാൻ ശ്രമിച്ചപ്പോൾ കാറിലുണ്ടായിരുന്നവര്‍ തന്നെ തട്ടി അകറ്റിയെന്നും കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. വിവരം ലഭിക്കുന്നവര്‍ പൊലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം, വിളിക്കേണ്ട നമ്പര്‍ 112, 99469 23282, 9495578999 ഈ നമ്പരുകളിലേക്കും വിവരം കൈമാറാമെന്ന് പൊലീസ് അറിയിച്ചു.