കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം - ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ
ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലെ ഗ്യാപ് റോഡിൽ പകൽ വാഹന ഗതാഗതം നിർത്തിവച്ചു. ഇന്ന് പകൽ ഒരു മണിക്കൂർ നേരമാണ് ഗതാഗതം നിരോധിച്ചത്. മഴ ശക്‌തമായാൽ അടുത്ത ദിവസങ്ങളിൽ ഗതാഗതത്തിന് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും. മഴ ശക്തമായതിനെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് ദേവികുളം സബ് കലക്‌ടർ രാഹുൽ കൃഷ്‌ണ ശർമയുടെ നിർദേശപ്രകാരം ഗതാഗത നിരോധനമേർപ്പെടുത്തിയതെന്ന് ദേശീയ പാത വിഭാഗം അറിയിച്ചു. ദേവികുളം ഗ്യാപ് റോഡിൽ കഴിഞ്ഞ ഏഴിന് മലയുടെ ഒരു ഭാഗം ഇടിഞ്ഞുവീണിരുന്നു. ഇതേതുടര്‍ന്ന്, മൂന്ന് ദിവസം ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ഭാഗത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഗ്യാപ് റോഡിൽ മലയിടിച്ചിൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ ലാൻഡ്‌സ്ലൈഡ് ഡിറ്റക്ഷൻ സിസ്റ്റം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയപാത വിഭാഗം. പദ്ധതിക്ക് ജില്ല ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമായാൽ ഗതാഗതത്തിന് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും.