കേരളം

kerala

മലിന്യവണ്ടി തടഞ്ഞ് പ്രതിഷേധം

ETV Bharat / videos

'തൃക്കാക്കര നഗരസഭ പരിധിയിലെ മാലിന്യം ബ്രഹ്മപുരത്ത് എത്തിക്കണം' ; കൊച്ചി കോര്‍പറേഷന്‍റെ മാലിന്യവണ്ടി തടഞ്ഞ് പ്രതിഷേധം - തൃക്കാക്കര നഗരസഭ

By

Published : May 18, 2023, 5:37 PM IST

എറണാകുളം : കൊച്ചി കോർപറേഷന്‍റെ മാലിന്യവണ്ടി തടഞ്ഞ് തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തിൽ പ്രതിഷേധം. തൃക്കാക്കര നഗരസഭ പരിധിയിലെ മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം ചെയർപേഴ്‌സന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കൊച്ചി മേയർ പ്രതികരിച്ചു.  

കൊച്ചി കോർപറേഷന്‍റെ മാലിന്യ സംസ്‌കരണ പ്ലാന്‍റ് പ്രവർത്തിക്കുന്ന ബ്രഹ്മപുരത്തേക്കായിരുന്നു തൃക്കാക്കര ഉൾപ്പടെയുള്ള മുൻസിപ്പാലിറ്റികളും മാലിന്യം എത്തിച്ചിരുന്നത്. എന്നാൽ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് ഇത് നിർത്തിവച്ചിരിക്കുകയായിരുന്നു. നിലവിൽ കൊച്ചി കോർപറേഷൻ പരിധിയിലെ ജൈവ മാലിന്യം മാത്രമാണ് ബ്രഹ്മപുരത്ത് എത്തിച്ചിരുന്നത്.  

ഇതിനെതിരെയാണ് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സന്‍റെ നേതൃത്വത്തിൽ കോർപറേഷൻ മാലിന്യവണ്ടി തടഞ്ഞ് പ്രതിഷേധിച്ചത്. തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ മാലിന്യം കൂടി ബ്രഹ്മപുരത്ത് സംസ്‌കരിക്കാൻ അനുവദിക്കണമെന്നാണ് യുഡിഎഫ് ഭരിക്കുന്ന മുൻസിപ്പാലിറ്റിയുടെ ആവശ്യം. ഇതിന് അനുമതി നൽകിയില്ലെങ്കിൽ വരുംദിവസങ്ങളിലും കോർപറേഷൻ മാലിന്യവണ്ടികൾ തടയുമെന്ന് ചെയർപേഴ്‌സൺ അജിത തങ്കപ്പൻ മുന്നറിയിപ്പ് നൽകി.

അതേസമയം മാലിന്യവണ്ടി തടഞ്ഞത് ക്രിമിനൽ കുറ്റമാണെന്ന് കോർപറേഷൻ മേയർ എം അനിൽകുമാർ പറഞ്ഞു. ഇതൊരു രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വന്തം നിലയിൽ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കണമെന്ന് മന്ത്രിതല യോഗത്തിൽ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് സൗകര്യം ചെയ്യണമെന്ന് യോഗത്തിൽ പങ്കെടുത്ത തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ആവശ്യപ്പെട്ടിട്ടില്ലെന്നും മേയർ അനിൽകുമാർ പറഞ്ഞു.  

മാലിന്യ സംസ്‌കരണത്തിന് സ്വന്തം നിലയിൽ സംവിധാനം ഏർപ്പെടുത്താതെ കോർപറേഷന്‍റെ മാലിന്യവണ്ടി തടഞ്ഞത് കൊണ്ട് അവരുടെ പ്രശ്‌നങ്ങൾ അവസാനിക്കില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടൽ അപലപനീയമാണ്. എറണാകുളത്തെ ജനങ്ങൾ ഇത് അംഗീകരിക്കില്ലെന്നും മേയർ പറഞ്ഞു.  

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. ഈ മാസം 31നുശേഷം കൊച്ചി കോർപറേഷനും ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുപോകില്ലെന്ന് മേയർ പറഞ്ഞു. ജൈവമാലിന്യം ശേഖരിക്കുന്നതിന് സ്വകാര്യ ഏജൻസികളുമായി കരാറായതായും മേയർ അറിയിച്ചു.  

അതേസമയം തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണും ഭരണപക്ഷ കൗൺസിലർമാരും കൊച്ചി നഗരസഭയിലെത്തി മേയറുമായി ചർച്ച നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്യാൻ അവസരമൊരുക്കാനും നാളെ കൊച്ചിയിലെത്തുന്ന മന്ത്രിയുമായി ചർച്ച നടത്താനും തീരുമാനമായി.

ABOUT THE AUTHOR

...view details