video: കട്ടിലിനടിയില്‍ രാജവെമ്പാല, അടിമാലി ചൂരക്കെട്ടൻകുടി ആദിവാസി മേഖലയിൽ ആശങ്ക - ചൂരക്കെട്ടൻകുടി ആദിവാസി മേഖല
ഇടുക്കി:അടിമാലി ചൂരക്കെട്ടൻകുടി ആദിവാസി മേഖലയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. അടിമാലി മച്ചിപ്ലാവിലെ ചൂരക്കെട്ടൻകുടിയിലെ ആദിവാസി മേഖലയിലെ ബാബുവിന്‍റെ കട്ടിലിനടിയിൽ നിന്നാണ് സ്നേക്ക് റെസ്‌ക്യൂ ടീം രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയ്‌ക്ക് 15 കിലോ തൂക്കവും 14 അടി നീളവുമുണ്ടായിരുന്നു.
അടിമാലി ഫോറസ്‌റ്റ് റേഞ്ചിലെ സ്നേക്ക് റെസ്‌ക്യൂ ടീം അംഗങ്ങളായ ബുൾബെന്ദ്രൻ, മിനി റോയ് പനംകുട്ടി, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തില്‍ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ പനംകുട്ടി ഫോറസ്‌റ്റ് പരിധിയിലുള്ള വനത്തിൽ തുറന്നു വിട്ടു.
ഇക്കഴിഞ്ഞ ഓഗസ്‌റ്റില്‍ അടിമാലി കുരിശുപാറ കോട്ടപ്പാറ രാജുവിന്‍റെ വീട്ടില്‍ കയറിയ രാജവെമ്പാലയെ അടിമാലി ഫോറസ്‌റ്റ് റെയിഞ്ചിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യു ടീം പിടികൂടിയിരുന്നു. അന്നും റെസ്‌ക്യു ടീമിന് നേതൃത്വം നല്‍കിയത് കെ ബുള്‍ബേന്ദ്രന്‍, മിനി റോയി എന്നിവര്‍ തന്നെയായിരുന്നു. 15 അടി നീളവും 16 കിലോ തൂക്കവുമുണ്ടായിരുന്ന പാമ്പിനെ പിന്നീട് നേര്യമംഗലം വനമേഖലയില്‍ തുറന്നു വിടുകയായിരുന്നു.
പാമ്പുകളുടെ കൂട്ടത്തില്‍ ഉഗ്രവിഷമുള്ളതും ഒരു കടിക്ക് ഒരാനയെ വരെ കൊല്ലാൻ ശേഷിയുള്ളതുമാണ് രാജവെമ്പാല എന്ന കിങ് കോബ്ര. എന്നാല്‍ രാജവെമ്പാല കടിച്ചുള്ള മരണം അത്യപൂർവ്വവുമാണ്. ഒന്നര വർഷം മുമ്പ് കർണാടകയിൽ ഒരു പാമ്പുപിടിത്തക്കാരൻ കടിയേറ്റു മരിച്ചതാണ് ഔദ്യോഗികമായി രാജ്യത്ത് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച ആദ്യ മരണം. എന്നാല്‍ ഇതിനു പിന്നാലെ തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച സംഭവവുമുണ്ടായി.
അതേസമയം മൂർഖൻ, അണലി മുതലായ വിഷപാമ്പുകളെ പോലെ ജനവാസ മേഖലയിൽ ഇവ പൊതുവേ പ്രത്യക്ഷപ്പെടാറില്ല. എന്നാല്‍ ചൂട് വര്‍ധിക്കുന്ന സമയത്ത് ഇവ ജനവാസ മേഖലയിലെത്താറുണ്ട്. ആഹാരത്തിനോ ആത്മരക്ഷക്കോ അല്ലാതെ ആക്രമിക്കുന്ന സ്വഭാവവുമില്ലാത്ത രാജവെമ്പാല മുട്ടയിടുന്ന കാലത്ത് ആകമണകാരികളാകാറുമുണ്ട്.