Kidney Patients Idukki : ചികിത്സ സൗകര്യങ്ങളുമില്ല, നെഫ്രോളജിസ്‌റ്റിന്‍റെ സാന്നിധ്യവുമില്ല; ഇടുക്കിയിലെ വൃക്കരോഗികള്‍ ദുരിതത്തില്‍
Published : Sep 20, 2023, 3:37 PM IST
ഇടുക്കി: ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ (Treatment Facilities) ലഭ്യമാക്കാതെ ഇടുക്കി ജില്ലയിലെ വൃക്ക രോഗികള്‍ (Kidney Patients). നെഫ്രോളജിസ്‌റ്റിന്‍റെ അഭാവം മൂലം, അന്യ ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍. സര്‍ക്കാര്‍ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളില്‍ (Dialysis Units) ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ വലയ്ക്കുന്നുണ്ട്. ഇടുക്കിയില്‍ മാത്രം വൃക്കരോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന 600 ലധികം രോഗികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി ഡയാലിസിസ് നടത്തേണ്ട കുട്ടികള്‍ അടക്കമുള്ള രോഗികളുമുണ്ട്. എന്നാല്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ അടക്കം, ഹൈറേഞ്ചിലെ പ്രധാന ആശുപത്രികളില്‍ ഒരിടത്തും നെഫ്രോളജിസ്‌റ്റിന്‍റെ സേവനം ലഭ്യമല്ല. ഡയാലിസിസിന് മുന്നോടിയായി, നെഫ്രോളജിസ്‌റ്റിന്‍റെ പരിശോധന റിപ്പോര്‍ട്ടിനായി അന്യ ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇതോടെ രോഗികള്‍. ഹൈറേഞ്ചിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡയാലിസിസ് യൂണിറ്റുകളില്‍ ആവശ്യത്തിന് ടെക്‌നീഷ്യന്‍മാരില്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാഴ്‌ത്തുന്നുണ്ട്. കാരുണ്യ പദ്ധതിയില്‍ സേവനം ലഭിക്കേണ്ട നിര്‍ധനരായ രോഗികളാണ് ഇതുമൂലം ബുദ്ധിമുട്ട് നേരിടുന്നത്. പലരും വന്‍ തുക മുടക്കി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണുള്ളത്.