കേരള സ്റ്റോറി - കക്കുകളി വിവാദം: വർഗീയ സ്‌പർധയ്‌ക്ക് ഇടയാക്കുമെങ്കില്‍ പരിശോധിക്കണമെന്ന് തോമസ് ഐസക് - കക്കുകളി നാടകത്തെക്കുറിച്ച് തോമസ് ഐസക്
കോഴിക്കോട്:കേരള സ്റ്റോറി - കക്കുകളി നാടക വിവാദത്തില്‍ വർഗീയ സ്‌പർധ ഉണ്ടാക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ പരിശോധിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടിഎം തോമസ് ഐസക്. ഇക്കാര്യം സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. സിനിമയും നാടകവും സംബന്ധിച്ച ചർച്ചകൾ നടക്കട്ടേയെന്നും തോമസ് ഐസക് കോഴിക്കോട് പറഞ്ഞു.
അതേസമയം, കേരള സ്റ്റോറി - കക്കുകളി വിവാദത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി പ്രതികരിച്ചു. കേരളത്തിൻ്റെ മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്ന കാര്യങ്ങള്‍ അംഗീകരിക്കാൻ കഴിയില്ലെന്ന് എംപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാടകമായാലും സിനിമയായാലും പ്രസംഗമായാലും ലേഖനമായാലും മതനിരപേക്ഷതയെ ബാധിക്കുന്ന രീതിയിലാകാൻ പാടില്ല.
കക്കുകളി നാടകത്തിന്‍റെ കാര്യത്തിലും കേരള സ്റ്റോറി സിനിമയുടെ കാര്യത്തിലും ഇത് തന്നെയാണ് കേരള കോൺഗ്രസിന്‍റെ നിലപാട്. മതേതരത്വം കാത്ത് സൂക്ഷിക്കണം. അതിൽ ഒരു നീക്കുപോക്കിനും തയ്യാറല്ല. കക്കുകളി നാടകം നിരോധിക്കണമെന്ന ക്രൈസ്‌തവ സഭയുടെ ആവശ്യം സർക്കാറിന്‍റെ മുന്നിലുണ്ട്. അക്കാര്യത്തിലും കേരള കോൺഗ്രസിന്‍റെ നിലപാട് ഇതുതന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞു.