'ഉമ്മന്‍ ചാണ്ടിയില്ലാതെ 53 വര്‍ഷത്തിന് ശേഷം നിയമസഭ ചേരും'; പുതുപ്പള്ളിയിലെ കല്ലറ സന്ദര്‍ശിച്ച് സ്‌പീക്കർ എഎൻ ഷംസീർ
കോട്ടയം: പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് സ്‌പീക്കർ എഎൻ ഷംസീർ. നിയമസഭ സമ്മേളനം ചേരുന്നതിന്‍റെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ പൊതുപരിപാടിയിലേക്ക് ക്ഷണിക്കാൻ വന്നതാണെന്ന് സ്‌പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. കേരള നിയമസഭയുടെ 53 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഉമ്മൻ ചാണ്ടി ഇല്ലാതെ നിയമസഭ ചേരുന്നത്. ഇനിയൊരു ഉമ്മൻ ചാണ്ടി ഇതുപോലെ ഉണ്ടാവില്ലെന്നും സ്‌പീക്കർ എഎന്‍ ഷംസീര്‍ പറഞ്ഞു. അതേസമയം, മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാനുള്ള ടൂർ പാക്കേജിലെ ആദ്യസംഘം പുതുപ്പള്ളിയിൽ എത്തി. തിരുവനന്തപുരത്ത് നിന്ന് 50 പേരടങ്ങിയ സംഘമാണ് ഉമ്മന്‍ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയില്‍ എത്തിയത്. ഇന്നലെ ഉച്ചയ്‌ക്ക് 12.30നാണ് സംഘം ഇവിടെ എത്തിയത്. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥന നടത്തി. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കണ്ടാണ് സംഘം മടങ്ങിയത്.