'ഇളംകള്ള് പോഷക സമൃദ്ധം', ഇപി പറഞ്ഞതിനോട് യോജിച്ച് മുഖ്യമന്ത്രിയും - മുഖ്യമന്ത്രി സംസാരിക്കുന്നു
കണ്ണൂര്‍:കേരളത്തിന്‍റെ തനതായ കള്ള്, ബ്രാന്‍ഡ് ചെയ്യാനുള്ള സര്‍ക്കാരിന്‍റെ മദ്യനയത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഇളംകള്ള് വില്‍പന നടത്താം. വലിയ ലഹരി ഉണ്ടാക്കുന്നതല്ല ഇളം കള്ളെന്നും ഇത് പോഷക സമൃദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ നാടിനും സ്വന്തം മദ്യങ്ങളുണ്ട്. അതില്‍പ്പെട്ടതാണ് കേരളത്തിന് കള്ള്. നല്‍കാന്‍ ഉദ്ദേശിക്കുന്നത്, ചെത്തി കഴിഞ്ഞ ഉടനെയുള്ള കള്ളാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ലൈബ്രറി കൗണ്‍സിലും പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി ഇന്നലെ (28 ജൂലൈ) സംഘടിപ്പിച്ച കണ്ണൂര്‍ ജില്ല വികസന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്‌തുകൊണ്ട് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. കള്ള് ലിക്കര്‍ അല്ലെന്നും യഥാര്‍ഥത്തില്‍ നല്ലൊരു പോഷകാഹാരമാണെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ വാദം. കള്ള് രാവിലെ എടുത്ത ഉടന്‍ തന്നെ കഴിക്കുന്നതില്‍ വലിയ കുറ്റമില്ല. അപ്പോഴത് ലഹരിയല്ല. പിന്നീടാണ് അത് ലഹരിയാകുന്നത്. കള്ളിന്‍റേയും നീരയുടേയും ഉത്‌പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇപി ജയരാജന്‍റെ പ്രസ്‌താവന മാധ്യമങ്ങളില്‍ വന്നതോടെ സോഷ്യല്‍ മീഡിയകളിലടക്കം വലിയ വിമര്‍ശനവും ട്രോളുകളും ഉയര്‍ന്നിരുന്നു.
'അതിവേഗ ട്രെയിന്‍ ജനം ആഗ്രഹിക്കുന്നു':കെ റെയിലിനെ എതിര്‍ത്തവര്‍ പോലും അതിവേഗ ട്രെയിന്‍ വരണമെന്ന് ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി. വന്ദേ ഭാരത് വന്നപ്പോള്‍ എന്താണ് കണ്ടത്. അതിവേഗ ട്രെയിനാണ് വേണ്ടതെന്നാണ് അന്ന് ജനങ്ങള്‍ പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ കെ റെയിലിന് ഇതുവരെ അംഗീകാരം തന്നിട്ടില്ല. ഒരു നാള്‍ അംഗീകാരം തരേണ്ടതായി വരുമെന്നും, ഇകെ നായനാര്‍ അക്കാദമിയില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സിലും പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ പറഞ്ഞു.
TAGGED:
മുഖ്യമന്ത്രി സംസാരിക്കുന്നു