കൊടുംവേനലിൽ ആശ്വാസം പകർന്ന് 'ഹില്ലി അക്വ'; സർക്കാരിന്‍റെ സ്വന്തം കുപ്പിവെള്ളത്തിന് ആവശ്യക്കാരേറെ - ഹില്ലി അക്വാ മിനറല്‍ വാട്ടര്‍
ഇടുക്കി: ശക്തമായ വേനലില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുകയാണ് സംസ്ഥാന സർക്കാരിന്‍റെ കുപ്പിവെള്ളമായ ഹില്ലി അക്വ. വിലക്കുറവും പൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ടതുമായ ഹില്ലി അക്വയ്ക്ക് മറ്റ് കുപ്പിവെള്ളങ്ങളെ അപേക്ഷിച്ച് ആവശ്യക്കാര്‍ ഏറെയാണ്. തൊടുപുഴയ്ക്കടുത്ത് മലങ്കരയില്‍ പ്രവര്‍ത്തിക്കുന്ന ഹില്ലി അക്വ ഫാക്‌ടറിയില്‍ ദിനംപ്രതി ഉത്പാദിപ്പിക്കുന്നത് 40,000ത്തോളം ലിറ്റര്‍ കുപ്പിവെള്ളമാണ്.
സംസ്ഥാനത്ത് അരുവിക്കരയിലും തൊടുപുഴയ്ക്കടുത്ത് മലങ്കരയിലുമാണ് ഹില്ലി അക്വ മിനറല്‍ വാട്ടര്‍ ഫാക്‌ടറികള്‍ പ്രവര്‍ത്തിക്കുന്നത്. 2015ൽ ആരംഭിച്ച ഹില്ലി അക്വ മലങ്കര ജലാശയത്തിലെ വെള്ളം ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഒന്‍പത് ശുദ്ധീകരണ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ വെള്ളം ബോട്ടിലുകളില്‍ നിറയ്ക്കുന്നത്.
ഒരു ലിറ്റര്‍, രണ്ടു ലിറ്റര്‍, 500 മില്ലി ലിറ്റര്‍ എന്നിങ്ങനെയാണ് ബോട്ടിലുകളുടെ അളവ്. മറ്റ് കമ്പനികളുടെ കുപ്പിവെള്ളത്തിന് ലിറ്ററിന് 20 രൂപ പ്രകാരം കടകളില്‍ ഈടാക്കുമ്പോള്‍ ഹില്ലി അക്വ 15 രൂപയ്ക്ക് ലഭിക്കും. രണ്ടു ലിറ്റര്‍ വെള്ളത്തിന് 25 രൂപയാണ് നിരക്ക്. എന്നാല്‍ കമ്പനി ഔട്ട്‌ലെറ്റില്‍ ഒരു ലിറ്റര്‍ വെള്ളം 10 രൂപയ്ക്ക് ലഭ്യമാകും.
മലങ്കരയില്‍ സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റില്‍ നിന്നും വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുപ്പിവെള്ളം വാങ്ങുന്നുണ്ട്. വിലക്കുറവും മികച്ച ഗുണമേന്‍മയുമാണ് ഹില്ലി അക്വ കുപ്പിവെള്ളത്തിന്‍റെ പ്രത്യേകത. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഈ കുപ്പിവെള്ളം എത്തുന്നുണ്ട്.
വേനലിന്‍റെ കാഠിന്യം കൂടിയതോടെ രാത്രി ഉള്‍പ്പെടെ കൂടുതല്‍ ഷിഫ്റ്റ് പ്രവര്‍ത്തിപ്പിച്ച് ഉത്പാദനം ഇരട്ടിയാക്കാനുള്ള നീക്കത്തിലാണ് കമ്പനി. ജലവിഭവ വകുപ്പിന്‍റെ പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഡെവലപ്‌മെന്‍റ് കോര്‍പറേഷനാണ് ഹില്ലി അക്വ കുപ്പിവെള്ളം നിര്‍മിക്കുന്നത്.