അരിക്കൊമ്പനെ പിടികൂടാന്‍ വനം വകുപ്പ്; റേഡിയോ കോളറിനായി അസമിലേയ്‌ക്ക് - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
ഇടുക്കി:ചിന്നക്കാനാലിൽ അരിക്കൊമ്പനെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനം വകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസമിലേയ്‌ക്ക്. ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. കോളർ കൈമാറാൻ അസം ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചിരുന്നു.
വ്യാഴാഴ്‌ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. ദൗത്യത്തിനായുള്ള മറ്റെല്ലാ ഒരുക്കങ്ങളും ഇടുക്കിയിൽ പൂർത്തിയായിക്കഴിഞ്ഞു.
അരിക്കൊമ്പൻ നിലവിൽ ആനക്കൂട്ടങ്ങൾക്കൊപ്പം സിമന്‍റ് പാലം മേഖലയിലാണ് ഉള്ളത്. മയക്ക് വെടി വയ്ക്കുന്നതിനും വനം വകുപ്പ് തിരഞ്ഞെടുത്തിരിക്കുന്നതും ഈ മേഖല തന്നെയാണ്. അതുകൊണ്ട് തന്നെ അനുകൂല സാഹചര്യം ഉണ്ടായാൽ വലിയ പ്രതിസന്ധികളില്ലാതെ ദൗത്യം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
അതേസമയം, അരിക്കൊമ്പനെ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഉചിതമായ സ്ഥലത്തേയ്‌ക്ക് മാറ്റണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പറമ്പിക്കുളത്തേയ്‌ക്ക് മാറ്റുന്ന കാര്യത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കാമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. എവിടേയ്‌ക്ക് മാറ്റണമെന്നുള്ളത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.