കേരളം

kerala

നെല്ല് സംഭരണ തുക ലഭ്യമാക്കാത്ത സപ്ലൈക്കോയ്‌ക്ക് 'തോർത്തുവിരിച്ച് പണം പിരിച്ചു നൽകി' കര്‍ഷകര്‍

ETV Bharat / videos

നെല്ല് സംഭരണ തുക ലഭ്യമാക്കാത്ത സപ്ലൈക്കോയ്‌ക്ക് 'തോർത്തുവിരിച്ച് പണം പിരിച്ചു നൽകി' കര്‍ഷകര്‍; വ്യത്യസ്‌ത സമരവുമായി കേരള കോൺഗ്രസ് - കോട്ടയം സപ്ലൈക്കോ

By

Published : Apr 28, 2023, 5:50 PM IST

കോട്ടയം:നെല്ല് സംഭരണ തുക നൽകാത്തതിൽ വ്യത്യസ്‌ത സമരവുമായി കർഷകർ. നെല്ല് സംഭരണ തുക കൊടുക്കാൻ പണമില്ല എന്നുപറയുന്ന സപ്ലൈക്കോയ്‌ക്ക് പണം പിരിച്ചു നൽകിയായിരുന്നു സമരം. ഇതിന്‍റെ ഭാഗമായി കോട്ടയം സപ്ലൈക്കോയ്‌ക്ക് മുൻപിൽ തോർത്തുവിരിച്ച് നാട്ടുകാരിൽ നിന്ന് പണം പിരിച്ച് സമരക്കാർ ജില്ല പാഡി ഓഫിസർക്ക് നൽകി.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു വ്യത്യസ്‌ത സമരം. കർഷകര്‍ക്ക് നെല്ലിന്‍റെ പണം കൊടുക്കാതെ സർക്കാർ ധൂർത്ത് നടത്തുകയാന്നെന്ന് സമരം ഉദ്ഘാടനം ചെയ്‌ത പാർട്ടി ജനറൽ സെക്രട്ടറി ജോയി എബ്രഹാം പറഞ്ഞു. കോടികൾ മുടക്കി രണ്ടാം വാർഷികം ആഘോഷിക്കാൻ സര്‍ക്കാര്‍ പോകുമ്പോൾ കർഷകർക്ക് പണം കൊടുക്കാൻ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 300 കോടിയിലധികം രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. കുട്ടനാട്ടിലെയും, അപ്പർ കുട്ടനാട്ടിലെയും നെൽ കൃഷിക്കാർക്ക് പണം കിട്ടിയിട്ടില്ല. നെൽ കർഷകർ രണ്ടാം കൃഷി ഉപേക്ഷിച്ചാൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം പിണറായി സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കർഷകരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്‍റെ വില ഉടൻ വിതരണം ചെയ്യണമെന്നും, സെർവർ തകരാറിന്‍റെ പേരിൽ നിർത്തിവച്ച റേഷൻ വിതരണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ല പാഡി സിവിൽ സപ്ലൈയ്‌സ് ഓഫിസുകൾക്ക് മുന്നിലാണ് പ്രതിഷേധ സമരം നടത്തിയത്. 

കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സീനിയർ സെക്രട്ടറി ഗ്രേസമ്മ മാത്യു, പാർട്ടി ഉന്നത അധികാരസമിതി അംഗങ്ങളായ വി.ജെ ലാലി, പ്രിൻസ് ലൂക്കോസ്, ജയിസൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, ചെറിയാൻ ചാക്കോ, ശശിധരൻ നായർ ശരണ്യ, തോമസ് ഉഴുന്നാലിൽ, തോമസ് കണ്ണന്തറ, സന്തോഷ് കാവുകാട്ട്, പി.സി മാത്യു, ജേക്കബ് കുര്യക്കോസ്, കുര്യൻ പി.കുര്യൻ, ബിനു ചെങ്ങളം, സി.ഡി വൽസപ്പൻ, എബ്രഹം, ഷിജു പാറയിടുക്കിൽ തുടങ്ങിയവർ സംസാരിച്ചു.

ABOUT THE AUTHOR

...view details