'വണ്ടിപ്പെരിയാർ കേസിൽ സർക്കാർ പ്രതിക്ക് രക്ഷാ കവചമൊരുക്കുന്നു'; കെ സി വേണുഗോപാൽ - വണ്ടിപ്പെരിയാർ കേസ്
Published : Jan 7, 2024, 10:47 PM IST
|Updated : Jan 7, 2024, 10:57 PM IST
ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ട സർക്കാർ പ്രതിയുടെ കാവലാളാവുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ (KC Venugopal Against Govt on Vandiperiyar Case). വണ്ടിപ്പെരിയാറിൽ കെപിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീ ജ്വല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മകളേ മാപ്പ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വാളയാർ പെൺകുട്ടികളുടെ മാതാവിൽ നിന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് ആൻ സെബാസ്റ്റ്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ഹരിത ബാബു വി കെ ഷിബിന എന്നിവർ ഏറ്റുവാങ്ങിയ ദീപശിഖ സമ്മേളന വേദിയിൽ സ്ഥാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് പ്രവർത്തകർ വണ്ടിപ്പെരിയാർ കക്കിക്കവലയിൽ കറുപ്പ് വസ്ത്രമണിഞ്ഞ് കറുപ്പ് ബലൂണുകളുമായി അണിനിരന്നു. മകളേ മാപ്പ് എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച പ്രതിഷേധ റാലിയോടെയാണ് സ്ത്രീ ജ്വാല പരിപാടിക്ക് തുടക്കമായത്. തുടർന്ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ബസ്റ്റാൻഡിൽ നടന്ന സ്‌ത്രീ പ്രതിഷേധ ജ്വാലയുടെ ഉദ്‌ഘാടന യോഗത്തിൽ കെപിസിസി വൈസ് പ്രസിഡന്‍റ് വിപി സജീന്ദ്രൻ അധ്യക്ഷനായിരുന്നു. ഇടതുപക്ഷ അനുഭാവിയായ പ്രോസിക്യൂട്ടറെ നിയമിച്ചു കൊണ്ട് സർക്കാർ, കേസ് അട്ടിമറിക്കുകയായിരുന്നെന്നും, ഇരയുടെ കുടുംബത്തിന് സംരക്ഷണമൊരുക്കേണ്ട സർക്കാർ പ്രതിക്ക് രക്ഷാ കവചമൊരുക്കുകയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നടത്തി. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, എംപിമാരായ ഡീൻ കുര്യാക്കോസ്, ആന്‍റോ ആന്‍റണി, ജെബി മേത്തർ, എംഎല്‍എമാരായ മാത്യു കുഴൽനാടൻ, ഉമാ തോമസ്, തമിഴ്‌നാട് എംഎല്‍എമാരായ വിജയധരണി, വിശ്വനാഥ പെരുമാൾ, കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്‌ണ. ഷാനിമോൾ ഉസ്‌മാൻ തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.