ഗതാഗത വകുപ്പ് മോശം സ്ഥിതിയില്‍, വകുപ്പ് ലഭിച്ചാല്‍ ചില ആശയങ്ങള്‍ മനസിലുണ്ട് : കെ ബി ഗണേഷ് കുമാര്‍ - അഹമ്മദ് ദേവര്‍കോവില്‍ രാജിവച്ചു
Published : Dec 24, 2023, 2:35 PM IST
തിരുവനന്തപുരം : ഗതാഗത വകുപ്പ് മോശം സ്ഥിതിയിലാണെന്നും വകുപ്പ് ലഭിക്കുകയാണെങ്കില്‍ ചില ആശയങ്ങള്‍ മനസിലുണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ (KB Ganesh Kumar about new portfolio). മന്ത്രിസഭ പുനഃസംഘടനയില്‍ അടുത്ത മന്ത്രിയാകാനൊരുങ്ങുന്ന കെ ബി ഗണേഷ് കുമാര്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം എകെജി സെന്‍ററില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു. ഗതാഗത വകുപ്പാണോ ലഭിക്കുകയെന്ന് വ്യക്തമായിട്ടില്ല. ഗതാഗത വകുപ്പാണെങ്കില്‍ ഒരുപാട് ജോലിയുണ്ട്. ഇന്നത്തെ സ്ഥിതിയില്‍ നിന്നും വകുപ്പിനെ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില ആശയങ്ങള്‍ മനസിലുണ്ട്. വകുപ്പ് പ്രഖ്യാപിച്ച ശേഷം വിശദമായി പഠിക്കും. നിലവില്‍ മോശം സ്ഥിതിയിലാണ്. അതിനെ കുറിച്ച് കൂടുതല്‍ പഠിക്കണം. വളരെയധികം ലാഭത്തിലാക്കാമെന്ന് ഇപ്പോള്‍ പറയുന്നില്ല. എന്നാല്‍ വളരെയധികം മെച്ചപ്പെടുത്താന്‍ സാധിക്കും. മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെങ്കില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി മാത്രമല്ല എല്ലാ തരത്തിലുള്ള നഷ്‌ടവുമുണ്ടാക്കുന്ന ചോര്‍ച്ച ഒഴിവാക്കുകയെന്നതാണ് പ്രധാനം. തൊഴിലാളികള്‍ക്ക് ശമ്പളം സമയത്ത് നല്‍കണമെന്നാണ് ഞാനഗ്രഹിക്കുന്നത്. എല്‍ ഡി എഫ് മന്ത്രിയാക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷം. മുഖ്യമന്ത്രി ഏല്‍പ്പിച്ച ചുമതല കൃത്യമായി നടപ്പിലാക്കും. പൊതുഗതാഗത രംഗത്ത് അഭിമാനകരമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അധുനിക കാലത്തിന് അനുയോജ്യമായ മാറ്റങ്ങളുണ്ടാക്കാമെന്ന് കരുതുന്നതായും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.