Kattakada Student Murder priyarenjan ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രിയരഞ്ജനെ തെളിവെടുപ്പിനെത്തിച്ചു; രോഷാകുലരായി നാട്ടുകാര്‍ - തമിഴ്‌നാട്
Published : Sep 12, 2023, 3:51 PM IST
തിരുവനന്തപുരം: കാട്ടാക്കടയിലെ (Kattakada) പത്താം ക്ലാസുകാരന്‍റെ കൊലപാതകത്തിൽ പ്രതി പ്രിയരഞ്ജനെ (Priyaranjan) സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തമിഴ്‌നാട് അതിർത്തിയിൽ നിന്നാണ് ഇന്നലെ
ഇയാളെ കസ്‌റ്റഡിയിലെടുത്തത്. പ്രിയരഞ്ജനെ തെളിവെടുപ്പ് സ്ഥലത്ത് എത്തിച്ചപ്പോൾ
നാട്ടുകാർ രോഷാകുലരായി. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ, ഒടുവിൽ
പതിനൊന്നാം ദിവസമാണ് പ്രതി പ്രിയരഞ്ജൻ പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇന്നലെ തന്നെ ഇയാളുടെ ഒളിവിടം
സംബന്ധിച്ച സുപ്രധാന വിവരം പൊലീസിന് ലഭിച്ചിരുന്നു. പ്രിയരഞ്ജനെ കാട്ടാക്കട സ്‌റ്റേഷനിൽ എത്തിച്ചപ്പോൾ,
തടിച്ചുകൂടിയ നാട്ടുകാർ രോഷാകുലരായിരുന്നു. കുട്ടിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന്
ബോധ്യപ്പെടുന്ന സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്‌തതിൽ ആദിശേഖറിനോട് പ്രിയരഞ്ജന് വിരോധമുണ്ടായിരുന്നു എന്ന് മാതാപിതാക്കൾ മൊഴി നൽകിയിട്ടുമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
കൃത്യത്തിന് പിന്നിൽ ഇത് തന്നെയാണോ കാരണം എന്നത് കണ്ടെത്തുന്നതിനായി ചോദ്യം ചെയ്യൽ
തുടരുകയാണ്. പ്രിയരഞ്ജൻ ഓടിച്ചിരുന്ന കാറിന്‍റെ സാങ്കേതിക പരിശോധന റിപ്പോർട്ടും ലഭിക്കേണ്ടതുണ്ട്.
പ്രിയരഞ്ജനെ ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശികളായ അരുണ്‍കുമാറിന്‍റെയും ഷീബയുടെയും മകൻ ആദിശേഖർ കൊല്ലപ്പെട്ടത്.