'ഒട്ടും സ്‌മാർട്ട് അല്ല ഈ സ്‌കൂൾ'; മയിച്ച ഗവ.എൽ.പി.എസ് രണ്ട് വർഷമായി പ്രവർത്തിക്കുന്നത് അമ്പലത്തിന്‍റെ ഓഡിറ്റോറിയത്തിൽ - സ്‌കൂൾ
കാസർകോട് :പൊതു വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിൽ കേരളം സ്‌മാർട്ട് ആണെന്ന് പറയുമ്പോഴും ഒട്ടും സ്‌മാർട്ട് അല്ലാത്ത ഗവണ്‍മെന്‍റ് സ്‌കൂളുണ്ട് കാസർകോട്. മറ്റെല്ലാ സ്‌കൂളുകളിലും മികച്ച രീതിയിൽ പ്രവേശനോത്സവം കൊണ്ടാടുമ്പോൾ മയിച്ച ഗവ.എൽ.പി സ്‌കൂളിലെ പ്രവേശനോത്സവം നിറം മങ്ങുമെന്ന് ഉറപ്പാണ്.
കാരണം കഴിഞ്ഞ അധ്യയന വർഷം മുതൽ മയിച്ച ഗവ.എൽ.പി സ്‌കൂൾ പ്രവർത്തിക്കുന്നത് അടുത്തുള്ള ക്ഷേത്രത്തിന്‍റെ ഓഡിറ്റോറിയത്തിലാണ്. ഈ തവണയും പ്രവേശനോത്സവം ഇവിടെയാകും. കഴിഞ്ഞ വർഷം ഫിറ്റ്നസ് ഇല്ലാത്തതിനാൽ പഴയ സ്‌കൂൾ കെട്ടിടം പൊളിച്ചു മാറ്റിയിരുന്നു. അന്ന് മുതൽ താത്കാലിക സംവിധാനത്തിലേക്ക് കുട്ടികളെ മാറ്റുകയായിരുന്നു.
എന്നാൽ ഒരു വർഷത്തിന് ഇപ്പുറവും മികച്ച സംവിധാനത്തിലേക്ക് മാറ്റാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനാൽ തന്നെ സ്‌കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കളും മടിക്കുകയാണ്. ഭക്ഷണ കമ്മിറ്റി ഓഫിസിലാണ് അധ്യാപകരുടെ ഇരിപ്പിടം. വിവാഹമോ, ക്ഷേത്രത്തിലെ മറ്റ് ആഘോഷങ്ങളോ നടക്കുന്ന ദിവസങ്ങളിൽ സ്‌കൂളിന് അവധിയും നൽകണം.
കൂടാതെ ക്ഷേത്രത്തിൽ അന്നദാനം നടക്കുന്ന സമയത്ത് കുട്ടികൾക്കു ക്ലാസ് എടുക്കാൻ സാധിക്കില്ല. കുട്ടികളെയും കൂട്ടി അധ്യാപകർ പുറത്ത് ഇരിക്കണം. ഇത് കൂടാതെ ബെഞ്ചും ഡെസ്‌കും എല്ലാം അധ്യാപകർ തന്നെ മാറ്റികൊടുക്കണം. കുട്ടികൾക്ക് കളിക്കാൻ ഗ്രൗണ്ടോ മറ്റു സൗകര്യങ്ങളോ ഇല്ല.
ഭക്ഷണ ശാല ഓഫിസ് ആണ് അധ്യാപകരുടെയും ഓഫിസ്. പ്രധാന അധ്യാപിക ഇരിക്കുന്നതിന്‍റെ തൊട്ടടുത്ത് അരി ചാക്കുകളും കാണാം. സൗകര്യം ഇല്ലാതായതോടെ ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിലും വലിയ കുറവാണു ഉണ്ടാകുന്നത്. 70 കുട്ടികളിൽ നിന്ന് മൂന്നു വർഷത്തിനിടെ 40 ആയി ചുരുങ്ങി.
ഇത്തവണ ആറ് കുട്ടികൾ മാത്രമാണ് ഈ വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കുട്ടികളില്ലാതെ ഈ വിദ്യാലയവും ഓർമയായി മാറുമെന്ന് ഉറപ്പാണ്.