കേരളം

kerala

Kasaragod Rain

ETV Bharat / videos

Kasaragod Rain | കനത്ത മഴയിൽ കാസർകോട് വെള്ളക്കെട്ട് രൂക്ഷം, റെഡ് അലർട്ട്, ഇരുചക്ര വാഹന യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

By

Published : Jul 4, 2023, 5:39 PM IST

കാസർകോട് : കനത്ത മഴയിൽ കാസർകോട്ട് വെള്ളക്കെട്ട് രൂക്ഷം. ജില്ലയിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ നിർത്താതെ പെയ്യുകയാണ്. നിലവിൽ റെഡ് അലർട്ടും തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കേണ്ടതാണെന്ന് ജില്ല കലക്‌ടർ അറിയിച്ചു. 

ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിലാണ് ശക്തമായ മഴയിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടത്. ഇവിടങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാൻ പോലും ഇടമില്ലാത്തതിനാൽ വരും ദിവസങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകും. കൂടാതെ റോഡിന് ഇരുവശവും മതിൽ കൂടി കെട്ടിയതും വെള്ളം ഒഴുകിപ്പോകുന്നതിന് തടസമായിട്ടുണ്ട്. റോഡരികിലെ കടകളിൽ പോലും വെള്ളം കയറുന്ന സാഹചര്യമാണ് ഉള്ളത്. 

ചെളിയും വെള്ളക്കെട്ടും കാരണം മിക്കയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പ്രശ്‌നം പരിഹരിക്കാൻ ജില്ല കലക്‌ടറും അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. മൊഗ്രാൽ, പുത്തൂർ എന്നിവിടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിരിക്കുന്നത്. കുട്ടികൾ അടക്കം നടന്നുപോകുന്ന സ്ഥലമായതിനാൽ രക്ഷിതാക്കൾ ഏറെ ആശങ്കയിലാണ്. 

also read :കനത്ത മഴ ; കോട്ടയത്തും കോഴിക്കോടും വീടുകൾ തകർന്നു, ആളപായമില്ല

ദേശീയപാത നിർമാണം പുരോഗമിക്കുന്നു :ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. തീര ദേശമേഖലയിൽ കടലേറ്റവും രൂക്ഷമാണ്. മൂന്ന് റീച്ചുകളായാണ് കാസർകോട് ജില്ലയിലെ ദേശീയപാത നിർമാണം മുന്നോട്ടുപോകുന്നത്. തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ജില്ലയിലെ ദേശീയ പാതയുടെ നിർമാണം 2024 മെയ് മാസത്തോടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ദേശീയപാത അതോറിറ്റി കണക്കുകൂട്ടുന്നത്. 

നിലവിൽ പ്രധാന പാതയുടെയും സ‍ർവീസ് റോഡിന്‍റെയും നിർമാണം വിവിധ സ്ഥലങ്ങളിലായി പൂർത്തിയായിട്ടുണ്ട്. ജില്ലയിലെ ആകെയുള്ള 39 കിലോമീറ്ററിൽ രണ്ട് മേൽപ്പാത, 16 അടിപ്പാത, രണ്ട് ഫ്ലൈഓവർ, നാല് വലിയ പാലം, നാല് ചെറിയ പാലം, എന്നിവ നിർമിക്കുന്നുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണ ചുമതല.

ദുരിത മേഖല സന്ദർശിച്ച് ജില്ല കലക്‌ടർ :ആറുവരി ദേശീയപാത നിർമാണ പ്രവൃത്തി പുരോഗമിക്കുന്നയിടങ്ങളിൽ ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടും യാത്രാക്ലേശവും പരിശോധിക്കുന്നതിന് ജില്ല കലക്‌ടർ കെ. ഇമ്പശേഖർ കാസർകോട് മുതൽ തലപ്പാടി വരെ പരിശോധന നടത്തി. തിങ്കളാഴ്‌ച ചെങ്കള മുതൽ കാഞ്ഞങ്ങാട് വരെ പരിശോധിച്ച് പ്രശ്‌നപരിഹാരത്തിന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കനത്ത മഴയിൽ മംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. 

also read :Kerala Rain| മഴ ശക്തമായി തുടരും, മുഴുവന്‍ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നു; മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തി

പലയിടത്തും ഡ്രെയിനേജുകൾ നിറഞ്ഞുകവിഞ്ഞു. ബിജയ്, ഹംപൻകട്ട തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

ABOUT THE AUTHOR

...view details