കുറ്റിക്കോലിൽ കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു, സിപിഎം പ്രവർത്തകർക്കെതിരെ കേസ് - സിപിഎം
കാസര്‍കോട്: കുറ്റിക്കോലിൽ കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എച്ച്.വേണുവിനെയാണ് മൂന്നംഗ സംഘം കുത്തി പരുക്കേൽപ്പിച്ചത്. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
സംഭവം ഇങ്ങനെ: ഇന്നലെ (03-03-2023) രാത്രി പ്രദേശത്തെ ഒരു വീട്ടിലെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് വേണുവിന് നേരെ ആക്രമണമുണ്ടായത്. മൂന്നംഗ സംഘം തടഞ്ഞുവച്ച് കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിച്ചുവെന്നാണ് പരാതി. ആക്രമണത്തിൽ കൈയ്‌ക്ക് ഗുരുതരമായി പരുക്കേറ്റ വേണു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോപണവുമായി കോണ്‍ഗ്രസ്: സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് കോൺഗ്രസ് ആരോപിച്ചു. വേണുവിന്‍റെ മൊഴിയെടുത്ത ബേഡകം പൊലീസ് പ്രദേശത്തെ മൂന്ന് സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും പ്രതികൾക്കെതിരെ പൊലീസ് നിസാരമായ വകുപ്പുകൾ മാത്രമെ ചുമത്തിയിട്ടുള്ളുവെന്നാണ് കോൺഗ്രസിന്‍റെ പരാതി. അതേസമയം വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ ആക്രമണമാണെന്നും, സംഭവത്തിന് രാഷ്‌ട്രീയ പശ്ചാത്തലമില്ലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. അടുത്ത കാലത്തായി സംഘർഷങ്ങൾ ഒന്നും ഇല്ലാത്ത പ്രദേശമാണ് കുറ്റിക്കോൽ. സംഘർഷം വ്യാപിക്കാതിരിക്കാൻ പ്രദേശത്ത് ബേഡകം സിഐയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.