കാറിൽ കയറുന്നതിനിടെ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാൽ വഴുതി; വീഴാതെ താങ്ങി സുരക്ഷ ഉദ്യോഗസ്ഥർ
വിജയനഗർ (കർണാടക):കാറിൽ കയറുന്നതിനിടെ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാൽ വഴുതി. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പാർട്ടിക്കുവേണ്ടി പ്രചാരണത്തിന് കുഡ്‌ലിഗിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഹെലികോപ്റ്ററിലാണ് സിദ്ധരാമയ്യ ഔട്ടർ സോൺ ഹെലിപാഡിലെത്തിയത്.
ഹെലികോപറ്ററിൽ നിന്ന് ഇറങ്ങി കാറിൽ കയറുമ്പോഴാണ് സിദ്ധരാമയ്യയ്‌ക്ക് കാൽ വഴുതിയത്. കാറിന്‍റെ മുൻവശത്തെ ഡോർ തുറന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത ശേഷം കാറിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് സിദ്ധരാമയ്യ കാൽ വഴുതി പുറകിലേക്ക് വീഴാനാഞ്ഞത്. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥർ അദ്ദേഹത്തെ വീഴാതെ പിടിച്ച് കാറിലേക്ക് കയറ്റി. പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വെള്ളം നൽകി. കാറിൽ അൽപനേരം വിശ്രമിച്ച ശേഷമാണ് സിദ്ധരാമയ്യ പരിപാടിക്ക് പോയത്.
'കാറിൽ നിന്ന് കാൽ വഴുതി. ആരും പരിഭ്രാന്തരാകേണ്ട. ഞാൻ ശക്തനാണ്. കാറിന് സ്റ്റെപ്പ് ഇല്ലാതിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത്. ഞാനിപ്പോൾ സുഖമായി ഇരിക്കുന്നു' -സംഭവത്തിന് പിന്നാലെ സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.
Also read :പ്രചാരണച്ചൂടില്‍ കര്‍ണാടക; ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോകളുമായി മോദിയും പ്രിയങ്കയും