വിഷു എത്തി.. കണി കാണാൻ കണിവെള്ളരി തയ്യാർ
കോഴിക്കോട്: മാവൂരിൽ വിഷുവിന് കണി കാണാൻ കണിവെള്ളരി നേരത്തെ തന്നെ തയ്യാർ. വയലുകളിൽ പാകമായ വെള്ളരി വിളവെടുത്ത് തുടങ്ങി. ഫെബ്രുവരി ആദ്യത്തിൽ കൃഷിയിറക്കുന്ന വെള്ളരി വിഷു ആകുമ്പോഴേക്കും വിളഞ്ഞ് പാകമാകും. വിഷുവിന്‍റെ തൊട്ടടുത്ത മൂന്ന് ദിവസങ്ങളിലാണ് വിപണിയിൽ ആവശ്യക്കാർ കൂടുകയെങ്കിലും കടുത്ത വെയിലും വരൾച്ചയും കാരണം വെള്ളരി പൊട്ടിക്കീറുന്നതിനാൽ മഞ്ഞ നിറമാകുമ്പോൾതന്നെ വിളവെടുക്കുകയാണ് ചെയ്യുന്നത്.
പച്ചക്കറിയും പഴവർഗങ്ങളും കൂടുതലും അയൽ നാടുകളിൽ നിന്നാണ് സംസ്ഥാനത്ത് എത്തുന്നതെങ്കിലും വർഷങ്ങളായി വിഷുവിന് കണിവെള്ളരി എത്തുന്നത് നാട്ടിലെ വയലുകളിൽ നിന്നാണ്. മാവൂർ, പെരുവയൽ, കുറ്റിക്കാട്ടൂർ, വെള്ളന്നൂർ ഭാഗങ്ങളിൽ വ്യാപകമായി ഏറെ വർഷങ്ങളായി കണിവെള്ളരി കൃഷി ചെയ്യുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിലേക്കും മൊത്ത വ്യാപാര കേന്ദ്രങ്ങളിലേക്കുമാണ് ആദ്യഘട്ടത്തിൽ കണിവെള്ളരി കൊണ്ടുപോകുന്നത്. വലിയ സൂപ്പർ മാർക്കറ്റുകളിലേക്കുള്ള ലോഡുകളാണ് ആദ്യം പോയി തുടങ്ങുക.
മാവൂർ പാടത്ത് പാരമ്പര്യ കർഷകൻ എൻ എ മരക്കാർ ബാവ കൃഷി ചെയ്‌ത കണിവെള്ളരിയുടെ വിളവെടുപ്പ് വെള്ളിയാഴ്‌ച നടന്നു. ഒരേക്കറോളം സ്ഥലത്താണ് മരക്കാർ കൃഷി ഇറക്കിയത്. ശക്തമായ വെയിലിനെ അതിജീവിച്ചാണ് കണിവെള്ളരി വിളവെടുപ്പ്. വ്യാപാരികൾ ആവശ്യപ്പെട്ട പ്രകാരമാണ് വിളവെടുപ്പ് നടത്തുന്നത്. അടുത്ത ദിവസം തന്നെ ഇവ വ്യാപാരികളുട സംഭരണശാലകളിലേക്ക് കൊണ്ടുപോകും. പിന്നീട് വിഷുനാളിലേക്ക് പലയിടത്തും സംഭരിച്ചു വയ്‌ക്കുകയാണ് ചെയ്യുക.