Kabootar Wali Dargah| നൂറുകണക്കിന് പ്രാവുകള്‍, അപൂര്‍വ കാഴ്‌ചയായി ആഗ്രയിലെ കബൂതർ വാലി ദർഗ - പ്രാവ് ദർഗ
നൂറുകണക്കിന് പ്രാവുകളെപാര്‍പ്പിച്ചിരിക്കുന്ന ഒരു ദര്‍ഗ (Dargah), ആഗ്രയിലാണ് (Agra) ഇത്തരത്തിലൊരു അപൂര്‍വ കാഴ്‌ച. ഹാജി ബാബ എന്നറിയപ്പെടുന്ന സൂഫി സന്യാസി ഹസ്രത്ത് പിർ ഖലീൽ റഹ്മത്തുള്ള അലൈഹിന് (Hazrat Pir Khalil Rahmatullah Alaih) സമര്‍പ്പിച്ചിട്ടുള്ള ദര്‍ഗയിലാണ് നൂറുകണക്കിന് പ്രാവുകളെ പാര്‍പ്പിച്ചിരിക്കുന്നത്. 'കബൂതർ വാലി ദർഗ' (Kabootar Wali Dargah) അല്ലെങ്കിൽ 'പ്രാവ് ദർഗ' (Pigeon Dargah) എന്നീ പേരുകളിലും ഇവിടം പ്രസിദ്ധമാണ്. ആഗ്രഹ സഫലീകരണത്തിനും പ്രാര്‍ഥനയ്‌ക്കും വേണ്ടിയാണ് വിശ്വാസികള്‍ ഏറെയും ഇവിടെയെത്തുന്നത്. ദര്‍ഗയിലെത്തി പ്രാവുകള്‍ക്ക് തീറ്റ കൊടുത്താല്‍ ആഗ്രഹം നടക്കുമെന്നാണ് വിശ്വാസം എന്ന് ദര്‍ഗയുടെ സംരക്ഷകര്‍ പറയുന്നു. കൂടാതെ, എന്തെങ്കിലും അസുഖമുള്ള പ്രാവുകളെയും വിശ്വാസികള്‍ ഇവിടേക്ക് എത്തിക്കാറുണ്ട്. അങ്ങനെ കൊണ്ടുവരുന്ന പ്രാവുകളെ അവര്‍ ഇവിടെയാക്കിയാണ് മടങ്ങാറുള്ളത്. പിന്നീട്, സുഖം പ്രാപിക്കുന്ന പ്രാവുകള്‍ ഇവിടെ തന്നെ തുടരുകയും ചെയ്യും. ദര്‍ഗ സന്ദര്‍ശിക്കാനെത്തുന്ന വിശ്വാസികളാണ് ഇവയ്‌ക്ക് വേണ്ട ഭക്ഷണം നല്‍കുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ് അങ്ങനെ പല മതസ്ഥരും ഇവിടേക്ക് എത്താറുണ്ടെന്നും പ്രാവുകളെ സമര്‍പ്പിക്കാറുണ്ടെന്നും ദര്‍ഗ സംരക്ഷകര്‍ അഭിപ്രായപ്പെടുന്നു. രോഗബാധയുള്ള പ്രാവുകള്‍ സുഖം പ്രാപിക്കുമെന്ന വിശ്വാസം ഉള്ളതുകൊണ്ട് തന്നെ ദര്‍ഗ സന്ദര്‍ശിക്കുന്ന വിശ്വാസികളില്‍ പലരും പ്രാവുകളെയും ഇങ്ങോട്ടേക്ക് കൊണ്ട് വരാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.