'ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസ് രാഷ്ട്രീയ പ്രേരിതം'; ബിജെപിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കെ സുരേന്ദ്രൻ - സി കെ ജാനു കോഴ
Published : Nov 14, 2023, 6:50 PM IST
കൽപ്പറ്റ: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിൽ (Sultan Bathery Election Bribary) ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തു. കൽപ്പറ്റ എസ്‌പി ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ലീഗ് നേതാവിൻ്റെ പരാതിയിയിൽ രാഷ്ട്രീയ പ്രേരിതമായി എടുത്ത കേസാണിതെന്നും, ബിജെപിയെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു (K Surendran On Bathery Election Bribary Case). ഇപ്പോഴത്തെ ചോദ്യം ചെയ്യൽ സർക്കാരിനെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. അന്വേഷണ ഏജൻസികളും ലോകായുക്തയും സർക്കാരിൻ്റെ വരുതിയിലാണ്. 2016ൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ജാനുവിന് 2021 ലും സ്ഥാനാർത്ഥി ആവാൻ കോഴ കൊടുക്കണോ എന്നും സുരേന്ദ്രൻ ചോദിച്ചു. സുരേന്ദ്രനുപുറമെ സി കെ ജാനു (CK Janu), ബിജെപി നേതാവ് പ്രശാന്ത് മലവയൽ (Prasanth Malavayal) എന്നിവരെയും ചോദ്യം ചെയ്‌തു. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 40 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് ചോദ്യം ചെയ്യൽ നടന്നത്. സി കെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ മുൻ ട്രഷറർ പ്രസീത അഴീക്കോട് (Praseetha Azhikode) ഇക്കാര്യങ്ങൾ പരാമര്‍ശിക്കുന്ന ഫോൺ സംഭാഷണം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വർഷം നടത്തിയ ഫൊറൻസിക് പരിശോധനയിൽ ഫോൺ സംഭാഷണത്തിലെ ശബ്‌ദം കെ സുരേന്ദ്രന്‍റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. സുരേന്ദ്രനുപുറമെ സി കെ ജാനു, പ്രസീത അഴീക്കോട്, പ്രശാന്ത് മലവയൽ എന്നിവരുടെ ശബ്‌ദവും സ്ഥിരീകരിച്ചിരുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് ആണ് ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.