കേരളം

kerala

K Surendran Against Kerala Govt And CM

ETV Bharat / videos

അവശ്യ സാധനങ്ങളുടെ വിലവര്‍ധന ഇരുട്ടടി, സര്‍ക്കാര്‍ ജനത്തെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു : കെ സുരേന്ദ്രന്‍ - സര്‍ക്കാരിനെതിര ബിജെപി

By ETV Bharat Kerala Team

Published : Nov 11, 2023, 2:48 PM IST

തിരുവനന്തപുരം : വൈദ്യുതി, വെള്ളക്കരം നിരക്ക് വര്‍ധനയ്‌ക്കുശേഷം ജനങ്ങൾക്ക് ലഭിച്ച ഇരുട്ടടിയാണ് അവശ്യ സാധനങ്ങളുടെ വില വർധനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 13 നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂട്ടാനുള്ള എൽഡിഎഫ് സര്‍ക്കാരിന്‍റെ തീരുമാനം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍. ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാറാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാന സർക്കാരിന്‍റെ കൊള്ളയ്‌ക്കെതിരെ ബിജെപിയും എൻഡിഎയും സമരം ശക്തമാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത് ദരിദ്രരെ പരമാവധി ദ്രോഹിക്കുന്ന സമീപനമാണ്. വൻകിടക്കാരിൽ നിന്നും കോടികൾ പിരിച്ചെടുക്കുന്നതിൽ അലംഭാവം കാണിക്കുന്ന സർക്കാർ ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണ്. കേന്ദ്രത്തെ പഴിചാരി ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും പാവപ്പെട്ടവന് താങ്ങാനാവാത്ത രീതിയിലുള്ള കെട്ടിട നികുതി വർധനവാണ് നടപ്പാക്കിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. 1200 ചതുരശ്ര അടി വീട് നിർമിക്കാൻ പഞ്ചായത്തിൽ 422 രൂപയായിരുന്നു നികുതി എങ്കിൽ ഇപ്പോൾ അത് 6,600 രൂപയാക്കി സർക്കാർ ഉയർത്തിയിരിക്കുകയാണ്. കോർപറേഷനിൽ 610 രൂപ ആയിരുന്നത് 12,200 രൂപയാക്കിയാണ് വർധിപ്പിച്ചത്. യുപിഎ സർക്കാർ നൽകിയതിനേക്കാൾ അഞ്ചിരട്ടി അധികം തുകയാണ് എൻഡിഎ സർക്കാർ കേരളത്തിന് അനുവദിച്ചത്. എല്ലാ രംഗത്തും കേരള ചരിത്രത്തിൽ ഏറ്റവും വലിയ സഹായമാണ് ലഭിച്ചതെന്നും കേരളത്തിന് എത്ര രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്ന് കൃത്യമായി വിശദീകരിക്കാതെ അവഗണനയെന്ന് ധനമന്ത്രി ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.  

ABOUT THE AUTHOR

...view details