k surendran about oommen chandy| 'ഏത് വ്യക്തിക്കും കടന്നു ചെല്ലാവുന്ന സംവിധാനമായിരുന്നു ഉമ്മൻചാണ്ടിയുടേത്'; കെ സുരേന്ദ്രൻ - ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
തൃശൂർ : ജനമനസുകളിൽ ചിരപ്രതിഷ്‌ഠ നേടിയ ജനകീയ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളോടൊപ്പം ജീവിക്കുകയും ജനങ്ങൾക്ക് വേണ്ടി ജീവിക്കുകയും ചെയ്‌ത നേതാവാണ് അദ്ദേഹം. ഏത് വ്യക്തിക്കും കടന്നു ചെല്ലാവുന്ന സംവിധാനമായിരുന്നു ഉമ്മൻചാണ്ടിയുടേത് എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കടുത്ത വിയോജിപ്പുകൾ ഉള്ളപ്പോഴും എല്ലാവരോടും സമചിത്തതയോടെ പെരുമാറുന്നത് അദ്ദേഹത്തിന്‍റെ സവിശേഷതയാണ്. വലിയ ആരോപണങ്ങൾ നേരിട്ടപ്പോഴും എതിർപ്പുള്ള രാഷ്‌ട്രീയ പ്രവർത്തകരോടും മാധ്യമങ്ങളോടും ഉൾപ്പെടെ വളരെ സൗമ്യമായാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്. മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിന്‍റെ വികസനത്തിനായി അദ്ദേഹം നിരവധി കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. ജനങ്ങൾക്ക് മുൻപിൽ വരുന്ന ഏത് വിഷയങ്ങളും വളരെ നല്ല രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്. കഴിഞ്ഞ 50 വർഷത്തിലധികമായി ഒരേ മണ്ഡലത്തിൽ നിന്ന് തന്നെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു എന്നുള്ളത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. ഉമ്മൻചാണ്ടിയുടെ വിയോഗം കോൺഗ്രസിന് മാത്രമല്ല എല്ലാ പൊതുപ്രവർത്തകർക്കും തീരാനഷ്‌ടമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Also read :നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി