കെപിസിസി അധ്യക്ഷ പദവി ഒഴിയില്ല, എംവി ഗോവിന്ദനും ദേശാഭിമാനിക്കുമെതിരെ മാനനഷ്‌ടക്കേസ് രണ്ടുദിവസത്തിനകം : കെ സുധാകരന്‍ - മോൻസൺ മാവുങ്കൽ
കണ്ണൂർ : കെപിസിസി അധ്യക്ഷ പദവി ഒഴിയില്ലെന്ന് കെ സുധാകരൻ. മോൻസൺ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ പ്രസിഡന്‍റ് സ്ഥാനത്ത് തുടരുന്നത് ധാർമികതയ്‌ക്ക് നിരക്കാത്ത കാര്യമായതുകൊണ്ടാണ് പദവിയിൽ നിന്ന് ഒഴിയാന്‍ സന്നദ്ധത അറിയിച്ചത്. എന്നാൽ നേതൃത്വത്തിൽ തുടരണമെന്ന് ഹൈക്കമാന്‍ഡും നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു.
അതുകൊണ്ടുതന്നെ ആ തീരുമാനം മാറ്റിയെന്നും സുധാകരൻ അറിയിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ വേണ്ടെന്ന് തന്നെയാണ് ഹൈക്കമാന്‍ഡ് നിലപാടെടുത്തത്. ഇതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും സുധാകരൻ വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ശേഷം പൂർണ ആത്മവിശ്വാസത്തിലാണ്. അന്വേഷണവുമായി സഹകരിച്ചുവെന്നും കേസിൽ കഴമ്പില്ലെന്ന് മനസിലായതായും സുധാകരന്‍ വ്യക്തമാക്കി. അതേസമയം, തന്‍റെ പേരിലുള്ള തട്ടിപ്പുകേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനും കെ സുധാകരന്‍ തീരുമാനിച്ചു.
പോക്‌സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ദേശാഭിമാനിക്കും എതിരായി രണ്ടുദിവസത്തിനകം മാനനഷ്‌ടക്കേസ് നൽകാനാണ് തീരുമാനമെന്നും സുധാകരൻ പറഞ്ഞു. എകെ ബാലന്‍റെയും എംവി ഗോവിന്ദന്‍റെയും ആരോപണങ്ങൾക്ക് മറുപടി ഇല്ലെന്നും വരാൻ പോകുന്ന പോരിന് മുൻപേ പ്രതികരിക്കണ്ട കാര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.