K Sudhakaran | 'ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്, തെറ്റും ശരിയും കോടതി വിലയിരുത്തട്ടെ' ; ജാമ്യത്തിന് പിന്നാലെ പ്രതികരിച്ച് കെ.സുധാകരന്‍ - മോന്‍സണ്‍ മാവുങ്കല്‍
എറണാകുളം:തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും കേസ് കോടതിയിൽ വരട്ടെയെന്നും പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കേസിന്‍റെ തെറ്റും ശരിയും കോടതി വിലയിരുത്തട്ടെയെന്നും അതിനെയെല്ലാം ഉൾക്കൊള്ളാന്‍ താൻ തയ്യാറാണെന്നും സുധാകരന്‍ വ്യക്തമാക്കി.
തനിക്കെതിരെ തെളിവുകളുണ്ടെന്ന് അവർ പറഞ്ഞിട്ടില്ല. അന്വേഷണ സംഘത്തോട് പറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നില്ല. ഈ കേസിൽ തന്നെ ശിക്ഷിക്കാൻ പോലീസിന്‍റെ കൈവശം തെളിവുകളില്ലെന്ന് ഇന്നത്തെ ചോദ്യം ചെയ്യലിൽ വ്യക്തമായെന്നും കെ.സുധാകരന്‍ പറഞ്ഞു.
തനിക്ക് ആശങ്കയോ ഭയമോ ഇല്ലെന്നും പൂർണ ആത്മവിശ്വാസമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മോന്‍സണെ താൻ തള്ളി പറഞ്ഞിട്ടുണ്ട്. മോൺസൻ ശിക്ഷിക്കപ്പെട്ടു. ആജീവനാന്തം അയാൾ ജയിലിലാണ്. ഇനി അയാളെ ശത്രുപക്ഷത്ത് നിർത്തേണ്ട കാര്യമില്ലെന്നും കെ.സുധാകരൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം മോന്‍സണ്‍ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെ.സുധാകരന്‍റെ അറസ്‌റ്റ് വെള്ളിയാഴ്‌ചയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നടപടി. ഹൈക്കോടതി ഈ കേസിൽ രണ്ടാഴ്‌ചത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അമ്പതിനായിരം രൂപയുടെ ബോണ്ടും, രണ്ട് ആൾ ജാമ്യത്തിലും കെ.സുധാകരനെ ഉടന്‍ തന്നെ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.