'അരി വാരാന്‍ അരിക്കൊമ്പനും കേരളം വാരാൻ മുഖ്യമന്ത്രിയും, മോദിക്ക് അദാനിയെപ്പോലെ പിണറായിക്ക് ഊരാളുങ്കല്‍' ; കടന്നാക്രമിച്ച് കെ സുധാകരന്‍
കണ്ണൂര്‍ :എഐ ക്യാമറ അഴിമതിയില്‍ അർധ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. നരേന്ദ്ര മോദിക്ക് അദാനിയെപ്പോലെയാണ് പിണറായി വിജയന് ഊരാളുങ്കൽ സൊസൈറ്റിയെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.
എഐ ക്യാമറ വിവാദത്തില്‍ അന്വേഷണം വിജിലന്‍സിന് നല്‍കിയത് എന്തിനാണ്. നട്ടെല്ലുണ്ടെങ്കില്‍ സ്വതന്ത്ര അന്വേഷണം നടത്തണം. അരി വാരാൻ അരിക്കൊമ്പനാണെങ്കില്‍ കേരളം വാരാൻ പിണറായിയാണെന്നും കെപിസിസി അധ്യക്ഷന്‍ പരിഹസിച്ചു. സംസ്ഥാനത്ത് നടക്കുന്ന ഒരു കാര്യവും മന്ത്രിമാര്‍ അറിയുന്നില്ല. അവരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം മുഖ്യമന്ത്രി വീട്ടിലേക്ക് കൊണ്ടുപോവുകയാണ്. പ്രസാഡിയോയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണ്. അഴിമതിയിൽ പങ്കില്ലെങ്കിൽ അർധ ജുഡീഷ്യൽ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വിഷയത്തില്‍ സ്വതന്ത്ര ഏജൻസിയുടെ നിഷ്‌പക്ഷമായ അന്വേഷണമാണ് വേണ്ടത്. എഐ ക്യാമറ കരാറിലൂടെ സംസ്ഥാനത്ത് വന്‍ കൊള്ളയാണ് നടന്നത്.
വിഷയം മുഖ്യമന്ത്രിയുടെ മകനും മകളും ഉള്‍പ്പെടുന്ന കുടുംബത്തിലേക്കാണിപ്പോള്‍ കേന്ദ്രീകരിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. സ്ഥിരമായി അഴിമതി മറച്ച് വയ്‌ക്കാനാവില്ല. നിയമ പോരാട്ടത്തെ കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐ അനുകൂല പ്രസ്‌താവന സംബന്ധിച്ച ചോദ്യങ്ങള്‍ക്കും സുധാകരൻ മറുപടി നല്‍കി. ഡിവൈഎഫ്ഐയെ പ്രശംസിച്ചതിൽ തെറ്റില്ലെന്ന് വിശദീകരിച്ച സുധാകരൻ, നല്ലത് കണ്ടാൽ നല്ലത് പറയുമെന്നും കൂട്ടിച്ചേര്‍ത്തു.